ലോറിയിൽ കൊണ്ടുപോകുകയായിരുന്ന 2.25 ടൺ പഴകിയ മത്സ്യം പിടികൂടി
Mail This Article
എടപ്പാൾ ∙ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന രണ്ടേകാൽ ടൺ പഴകിയ മത്സ്യം അധികൃതർ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി കണ്ടനകം – ആനക്കര റോഡിൽ തിരുമാണിയൂരിലാണ് സംഭവം. ഇതുവഴി കടന്നുപോയ ലോറിയിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഹനം തടയുകയായിരുന്നു. വാഹനത്തിന് അകത്തുനിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം പുറത്തേക്ക് ഒഴുകിയിരുന്നു.
തുടർന്ന് പൊലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 45 പെട്ടികളിലായി നിറച്ച 2250 കിലോഗ്രാം മാന്തൾ മത്സ്യം പിടിച്ചെടുത്തു. സംസ്ഥാനപാതയിലൂടെ പോകേണ്ട വാഹനം വഴിതെറ്റി ഇതുവഴി പോവുകയായിരുന്നു. ഡ്രൈവറെയും സഹായിയെയും പിടികൂടി ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് ഭക്ഷ്യസുരക്ഷ, ആരോഗ്യ വിഭാഗം, പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മത്സ്യം കുഴിയെടുത്തു മൂടി.
ഗുജറാത്തിൽനിന്ന് കോഴിക്കോട്ടെ മത്സ്യമാർക്കറ്റിൽ എത്തിച്ച ചീഞ്ഞ മത്സ്യം അവിടെ എടുക്കാതിരുന്നതിനാൽ കുന്നംകുളത്തെ മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമപരമായ ഒരു രേഖയും ഇല്ലാതെയുമാണ് മത്സ്യം കൊണ്ടുപോയിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വിഭാഗം ലോറി പിടിച്ചെടുത്തു. ലാബ് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യം സംസ്കരിച്ചത്. ഉടമകൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ്, എസ്ഐ എം.വി.തോമസ്, ഫുഡ് സേഫ്റ്റി ഓഫിസർമാരായ യു.എം.ദീപ്തി, ധന്യ ശശീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.