അപകടസമയത്ത് എയർബാഗ് പ്രവർത്തിച്ചില്ല: കാറിന്റെ വില ഉപഭോക്താവിന് നൽകാൻ വിധി
Mail This Article
മലപ്പുറം∙വാഹനം അപകടത്തിൽപെട്ട സമയത്ത് എയർബാഗ് പ്രവർത്തിക്കാതിരുന്നതിനാൽ ഉപഭോക്താവിന് കാറിന്റെ വില തിരിച്ചുനൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. ഇന്ത്യനൂർ സ്വദേശി മുഹമ്മദ് മുസല്യാർ നൽകിയ പരാതിയിലാണ് കാർ നിർമാണകമ്പനിക്കെതിരെ കമ്മിഷൻ വിധിച്ചത്. 2021–ൽ തിരൂരിൽ പരാതിക്കാരനു കാർ അപകടത്തിൽ ഗുരുതര പരുക്കേറ്റിരുന്നു.
എയർബാഗ് പ്രവർത്തിക്കാത്തതാണ് ഗുരുതര പരുക്കിനു കാരണമെന്നും ഇത് കാർ നിർമാതാക്കളുടെ പിഴവാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.അപകട സമയത്ത് എയർബാഗ് പ്രവർത്തിച്ചില്ലെന്ന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയിരുന്നു. എയർ ബാഗ് പ്രവർത്തിക്കാൻ മാത്രം ആഘാതത്തിലുള്ളതായിരുന്നു അപകടമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന് നിർമാണപ്പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി വില തിരിച്ചുനൽകാൻ ഉത്തരവിട്ടത്.
വാഹനത്തിന്റെ വിലയായ 4,35,854 രൂപയ്ക്കൊപ്പം കോടതിച്ചെലവായി 20,000 രൂപയും കമ്പനി പരാതിക്കാരനു നൽകണം. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാതിരുന്നാൽ 9% പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവിൽ പറയുന്നു.