ADVERTISEMENT

തിരൂർ ∙ കരാറിൽ പറഞ്ഞ സഹായങ്ങൾ നഗരസഭ ചെയ്തു നൽകിയില്ല. രണ്ടരക്കോടി രൂപ ചെലവിട്ട് നവീകരണം നടത്തിയ ഇഎംഎസ് പാർക്ക് പൂട്ടാനൊരുങ്ങി നടത്തിപ്പ് കരാറെടുത്ത കമ്പനി. ഏറെ മുറവിളികൾക്കു ശേഷമാണ് തിരൂർ കോരങ്ങത്തെ കുട്ടികൾക്കു വേണ്ടിയുള്ള ഇഎംഎസ് പാർക്ക് വീണ്ടും തുറന്നത്. നിള ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇതിന്റെ നടത്തിപ്പ് കരാർ നേടുകയും ചെയ്തു. തുടർന്ന് ഉദ്യാനനിർമാണം, അമ്യൂസ്മെന്റ്, ഗെയിംസ് ഉപകരണങ്ങൾ എന്നിവ കസ്ഥാപിച്ചു. എല്ലാമടക്കം രണ്ടരക്കോടി രൂപയുടെ നവീകരണമാണ് ഇവർ പാർക്കിൽ നടത്തിയത്. എന്നാൽ കരാർ പ്രകാരം നഗരസഭ ചെയ്തു നൽകേണ്ട പല കാര്യങ്ങളിലും വീഴ്ച വരുത്തിയതായി നടത്തിപ്പു കമ്പനി പരാതിപ്പെടുന്നു. 

ആവശ്യത്തിനു വെള്ളം എത്തിച്ചു നൽകാൻ നഗരസഭ തയാറാകാത്തത് പാർക്കിന്റെ നടത്തിപ്പിനെ തന്നെ ബാധിച്ചു. ജല അതോറിറ്റിയുടെ കണക‍്ഷൻ ലഭ്യമാക്കുന്നതിന് കൺസെന്റ് ലെറ്റർ നൽകാൻ പലതവണ ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറായില്ല. കരാറിലെ നാലാം വകുപ്പിൽ ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ചെയ്തു കൊടുക്കേണ്ട സഹായവും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായില്ല. 

കൂടാതെ ലൈസൻസുകളും അനുവാദങ്ങളും ലഭിക്കുന്നതിന് ആവശ്യമായ കൺസെന്റ് ലെറ്ററും ആവശ്യപ്പെട്ടിട്ടും ഇതുവരെ നൽകിയിട്ടില്ല. പാർക്കിങ് ഏരിയ പ്രത്യേകമാക്കി നൽകാത്തതും പാർക്കിന്റെ പ്രവർത്തനത്തെ ബാധിച്ചതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. പാർക്കിന്റെ പ്രവർത്തനത്തിലൂടെ 25 പേർക്ക് ജോലി നൽകാൻ സാധിച്ചിട്ടുണ്ടെന്നും കമ്പനി പ്രതിനിധികൾ പറയുന്നു. കരാറിലെ ഇത്തരം വ്യവസ്ഥകളൊന്നും പാലിക്കാത്തതിനാൽ പാർക്കിന്റെ നടത്തിപ്പ് വൻ നഷ്ടത്തിലേക്കു പോയെന്നാണ് നിള ഹോളിഡേയ്സ് പറയുന്നത്. 

ഇതിനിടെ ലൈസൻസ് ഫീസ് കുടിശിക ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ നടത്തിപ്പു കമ്പനിക്ക് നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇനത്തിലേക്ക് 2 ഗഡുക്കളായി 1,84,000 രൂപ അടച്ചിട്ടുണ്ടെന്നും ഇനി പണമടയ്ക്കാൻ ബാക്കിയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് കമ്പനി അധികൃതർ പറയുന്നത്. നഷ്ടം സഹിച്ച് പാർക്കിന്റെ നടത്തിപ്പുമായി മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com