ഗൾഫിലുള്ള സുഹൃത്തിന് കൊടുക്കാനേൽപിച്ച മാംസപ്പൊതിയിൽ കഞ്ചാവ്
Mail This Article
എടവണ്ണപ്പാറ ∙ ഗൾഫിലേക്കു പോകുന്ന സുഹൃത്തിന്റെ കയ്യിൽ മറ്റൊരു സുഹൃത്തിനായി കൊടുത്തയച്ച മാംസ പാക്കറ്റിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ.ഷമീം (23) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രവാസിയായ ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ ലീവ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ഗൾഫിലുള്ള സുഹൃത്തിനു നൽകാൻ നാട്ടിലുള്ള സുഹൃത്ത് ഏൽപ്പിച്ച മാംസപ്പൊതി സംശയം തോന്നി അഴിച്ചുനോക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച പൊതി കാണാനിടയായത്.
പരിശോധനയിൽ കഞ്ചാവാണെന്നു വ്യക്തമായി. തുടർന്ന് ഫൈസൽ വാഴക്കാട് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ ഗൾഫിലേക്കു പോയി. തുടർന്നാണ് അറസ്റ്റ് നടന്നത്. കുവൈത്ത് വിമാനത്താവളത്തിൽ കാത്തിരുന്ന സുഹൃത്തിനെ ഫൈസൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഇയാൾ ക്ഷമ ചോദിച്ചു മടങ്ങി. എന്നാൽ പരാതിയുമായി മുന്നോട്ടുപോകുമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കുമെന്നും പരാതിക്കാരൻ പറഞ്ഞു.