ആപ്പുണ്ട്; ഈ ലൈബ്രറിയിൽ ലൈബ്രേറിയൻ വേണ്ട
Mail This Article
എടപ്പാൾ ∙ ലൈബ്രേറിയൻ ആവശ്യമില്ലാത്ത ലൈബ്രറി സ്ഥാപിച്ച് പൂർവവിദ്യാർഥി കൂട്ടായ്മ. പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ 2005 - 2007 കൊമേഴ്സ് എ ബാച്ച് വിദ്യാർഥികളാണ് ലൈബ്രറി സ്ഥാപിച്ചത്. ലൈബ്രറിയിൽ ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമിൽ ലഭ്യമായ 'കോഹ’ ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം സ്ഥാപിച്ച് എല്ലാ പുസ്തകങ്ങളിലും ബാർകോഡ് സംവിധാനം ഏർപ്പെടുത്തി.
പുസ്തകത്തിന്റെ ആക്സഷൻ നമ്പറും കാറ്റഗറി നമ്പറും ലൊക്കേഷനും എല്ലാ പുസ്തകങ്ങളിലും ലേബൽ ഒട്ടിച്ച് രേഖപ്പെടുത്തി. വിദ്യാലയത്തിലെ 2 വിദ്യാർഥികൾ ചേർന്നു തയാറാക്കിയ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിലൂടെ വിദ്യാർഥികൾക്ക് വീടുകളിൽനിന്ന് തന്നെ ലൈബ്രറിയിൽ ലഭ്യമായ പുസ്തകങ്ങളും ലൊക്കേഷനും മനസ്സിലാക്കാനും സാധിക്കും.
വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന ലൈബ്രറി സ്മാർട്ട് കാർഡ് സ്കാൻ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ പുസ്തകങ്ങൾ എടുക്കാനും തിരിച്ചേൽപ്പിക്കാനും സാധിക്കും. നിലവിൽ രണ്ടായിരത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള എഴുത്ത് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതികളുടെ ഉദ്ഘാടനം സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ നിർവഹിച്ചു.