മുൻപ് കഥകളി കണ്ടിട്ടുണ്ട്; ഇപ്പോൾ കഥകളി കലാകാരി!
Mail This Article
അവിചാരിതമായാണ് രമ്യാകൃഷ്ണൻ കഥകളിയുടെ ലോകത്തെത്തിയത്. ഇന്ന് ഏറെ തിരക്കുള്ള കലാകാരി. സ്ത്രീ,പുരുഷ വേഷങ്ങൾ ഒരേപോലെ കൈകളിൽ ഭദ്രം. വിദേശത്ത് കൊളുത്തിവച്ച കളിവിളക്കുകൾക്കു മുന്നിലും ആടാൻ ഭാഗ്യമുണ്ടായി ഈ മുപ്പത്തിയാറുകാരിക്ക്.
വഴികാട്ടിയായി ജീവിത പങ്കാളി
കാസർകോട് ഭീമനടി സ്വദേശിയാണ് രമ്യ. ഭർത്താവ് സി.എം.ഉണ്ണിക്കൃഷ്ണന്റെ നാട് കാഞ്ഞങ്ങാട്. വിവാഹത്തിനുമുൻപ് കഥകളി കണ്ടിട്ടുണ്ട് എന്നല്ലാതെ കൂടുതൽ ഒന്നുമറിയില്ല. കഥകളിനടനായ ഭർത്താവുമൊത്ത് കോട്ടയ്ക്കലിൽ താമസം തുടങ്ങിയശേഷമാണ് കൂടുതൽ പഠിക്കണമെന്ന മോഹമുണ്ടായത്. വിവിധയിടങ്ങളിൽ പോയി ഉണ്ണിക്കൃഷ്ണന്റെ വേഷങ്ങളും മാനറിസങ്ങളുമെല്ലാം അടുത്തുകണ്ടു. ഉണ്ണിക്കൃഷ്ണൻ തന്നെയാണ് ആദ്യഗുരു.
ഇതിനിടെ കാസർകോട്ടെ കളിക്കു സീതാസ്വയംവരത്തിലെ സീതയായി വേഷം കെട്ടേണ്ടയാൾ വന്നില്ല. പകരം അരങ്ങിലെത്തിയത് രമ്യ. അതോടെ ധൈര്യമായി. കോട്ടയ്ക്കൽ ഹരിദാസന്റെ കീഴിൽ തുടർപഠനം നടത്തുമ്പോൾ എംകോം വിദ്യാർഥി കൂടിയായിരുന്നു. 4 വർഷം മുൻപ്, ദുര്യോധനവധത്തിലെ കൃഷ്ണനായി അരങ്ങേറ്റവും നടത്തി. കഴിഞ്ഞവർഷം ദുബായിൽ കലോത്സവത്തിൽ പങ്കെടുത്തത് ജീവിതത്തിൽ മറക്കാനാകാത്ത മുഹൂർത്തമാണ്.
സർവജ്ഞപീഠം എന്ന പുതിയ ആട്ടക്കഥയിൽ പാർവതിയുടെ വേഷമാണ് ചെയ്യുന്നത്. സന്താനഗോപാലത്തിലെ കൃഷ്ണനായും സീതാസ്വയംവരത്തിലെ സീതയായും ദുര്യോധനവധത്തിലെ പാഞ്ചാലിയായും സുഭദ്രാപഹരണത്തിലെ സുഭദ്രയായും മറ്റും ജീവിതപങ്കാളിക്കൊപ്പം കൂട്ടുവേഷങ്ങളും ചെയ്തു. കഥകളി ഇപ്പോഴും അഭ്യസിക്കുന്നുണ്ട്. കൂട്ടത്തിൽ തിരുവാതിരക്കളിയും നൃത്തവും.