പാടത്തെ പരീക്ഷയിൽ വിജയിച്ച് പൂസയും ഷംസുദ്ദീനും
Mail This Article
തിരൂർ ∙ ഉമയും പൊന്മണിയും അന്നപൂർണയുമെല്ലാം പാടങ്ങളിൽ വിജയിച്ചത് കണ്ടവരാണ് നാം. പൂസയുടെ വിജയം കണ്ടവരുണ്ടോ! എന്താണ് പൂസയെന്നല്ലേ, ബസ്മതി നെല്ലിനമാണത്. 2018ൽ ആമസോണിൽനിന്ന് 100 ഗ്രാം നെൽവിത്ത് വാങ്ങി അത് വളർത്തി ഏക്കറുകളിലേക്കു വ്യാപിപ്പിച്ചാണ് തൃപ്രങ്ങോട് ആലിങ്ങലിലെ എടശ്ശേരി ഷംസുദ്ദീൻ (37) വിജയം കണ്ടത്.
ബസ്മതി അരി വിളയിക്കാൻ നാട്ടിലെ കർഷകരൊന്നു മടിക്കാറുണ്ട്. വിജയിക്കുമോയെന്ന ആശങ്കയാണ് കാരണം. ഇന്നലെ ചമ്രവട്ടം പാതയോടു ചേർന്ന 2 ഏക്കർ പാടത്തു വിളഞ്ഞ ബസ്മതി, യന്ത്രം ഉപയോഗിച്ച് ഷംസുദ്ദീൻ കൊയ്തെടുത്തു. സംസ്ഥാനത്തു തന്നെ ചുരുക്കം ചില കർഷകർക്ക് മാത്രമാണ് ബസ്മതി കൊയ്യാൻ പാടത്തേക്ക് യന്ത്രമിറക്കേണ്ടി വന്നിട്ടുള്ളത്. അത്രകുറവാണ് ഈ കൃഷിയെന്നർഥം.
ആലിങ്ങലിലെ പാടത്തും പറമ്പിലുമൊക്കെ ഷംസുദ്ദീന്റെ കൃഷി കാണാം. ഏതാനും മാസം മുൻപ് മൂന്നരയേക്കറിൽ കരനെൽക്കൃഷിയായും ഷംസുദ്ദീൻ ബസ്മതി കൃഷി ചെയ്ത് വിജയിപ്പിച്ചിരുന്നു. നടുന്നത് സീഡ് ഡ്രം സംവിധാനത്തിലൂടെയാണ്. സാധാരണ നടീലിന് ഒരേക്കർ നടാൻ 60 കിലോയിലേറെ വിത്ത് വേണം.
എന്നാൽ സീഡ് ഡ്രം വഴി വേണ്ടി വന്നത് വെറും 8 കിലോ മാത്രമാണ്. ഇത് ഇനിയും കുറയ്ക്കാം. സാധാരണ രീതി വഴി കൃഷി ചെയ്യുമ്പോൾ 40,000 രൂപയോളമാണ് ചെലവെങ്കിൽ പുതിയ രീതിയിൽ നടാൻ വേണ്ടി വന്നത് വെറും 6,700 രൂപ മാത്രമെന്ന് ഷംസുദ്ദീന്റെ അനുഭവസാക്ഷ്യം. കോഴിക്കാഷ്ഠമാണ് അടിവളമായി നൽകുന്നത്. കീടങ്ങളുടെ ശല്യമുണ്ടെങ്കിൽ മാത്രം കീടനാശിനി ഉപയോഗിക്കും.
കേരളം മുഴുവൻ മറ്റു നെല്ലിനങ്ങൾ പോലെ ബസ്മതിയും കൃഷി ചെയ്തു വിജയിപ്പിക്കണമെന്നാണ് ഈ യുവകർഷകന്റെ ആഗ്രഹം. ഇതിനായി എല്ലാവർക്കും വിത്തിനം വിതരണം ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. നെല്ലുകുത്തി അരിയാക്കാറില്ല. വിത്തുവിൽപനയിലൂടെ തന്നെ വൻ വിജയമാണ് ഈ യുവാവ് നേടിക്കൊണ്ടിരിക്കുന്നത്. ആലിങ്ങൽ അങ്ങാടിയിൽ ചായക്കട നടത്തുന്ന ഷംസുദ്ദീൻ ഇടയ്ക്ക് പാടത്തേക്കോടിയാണ് കൃഷിക്കാരനാകുന്നത്. പത്താം വയസ്സിൽ പിതാവിന്റെ കൈപിടിച്ചാണ് വയലിലിറങ്ങിയത്.
ബസ്മതിക്കു പുറമേ സാധാരണ നെല്ലും 5 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ചോളം, കടുക്, മധുരക്കിഴങ്ങ്, സൂര്യകാന്തി, എടയൂർ മുളക്, ചെറുപയർ എന്നിവയെല്ലാം കൃഷി ചെയ്തു വിജയിച്ചിട്ടുണ്ട്. ഭാര്യ ജംഷീനയും എല്ലാ സഹായവുമായി ഒപ്പമുണ്ട്. ഇന്നലെ രണ്ടേക്കറിലെ ബസ്മതി കൊയ്ത്ത് പി.നന്ദകുമാർ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി.ശാലിനി, വൈസ് പ്രസിഡന്റ് എം.പി.അബ്ദുൽ ഫുക്കാർ, കെ.നാരായണൻ, ഫിറോസ് ആലത്തിയൂർ, പി.മുനീർ എന്നിവരും പങ്കെടുത്തിരുന്നു.