‘വെളിച്ചം നഗരി’ ഒരുങ്ങി; മുജാഹിദ് സംസ്ഥാന സമ്മേളനം ഇന്നു മുതൽ
Mail This Article
കരിപ്പൂർ∙ കരിപ്പൂരിലെ ‘വെളിച്ചം നഗരി’യിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 3.30ന് സംഘാടക സമിതി ചെയർമാൻ പാറപ്പുറത്ത് മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എളമരം കരീം എംപി, ഡോ.ബി.രവി പിള്ള, പരോക്ഷ മാർഗ വിജ്ഞാന കേന്ദ്രം അധ്യക്ഷൻ ആത്മദാസ് യമി, ഫാ. സജീവ് വർഗീസ്, ചെറുവയൽ രാമൻ, ജെയിൻ ടെംപിൾ ട്രസ്റ്റ് പ്രസിഡന്റ് രമേശ് ജി. മേത്ത, ബുദ്ധിസ്റ്റ് ഉപാസകൻ ആചാര്യ പവിത്രൻ, കാലിക്കറ്റ് പാർസി അൻജൂമൻ പ്രസിഡന്റ് സുബിൻ മാർഷൽ എന്നിവർ പ്രസംഗിക്കും.
സമ്മേളന സുവനീർ ടി.വി.ഇബ്രാഹിം എംഎൽഎ, ഹാരിസ് കാവുങ്ങലിനു നൽകി പ്രകാശനം ചെയ്യും. ഹാറൂൺ കക്കാട് സുവനീർ പരിചയപ്പെടുത്തും. പി.ടി.എ. റഹീം എംഎൽഎ, ഡോ. മുസ്തഫ ഫാറൂഖി എന്നിവർ പുസ്തക പ്രകാശനം നിർവഹിക്കും. എഴുത്തുകാരൻ പ്രഫ.പി മുഹമ്മദ് കുട്ടശ്ശേരിയെ ആദരിക്കും. ഡോ ഐ.പി.അബ്ദുസ്സലാം പ്രസംഗിക്കും.‘ദി ഐഡിയ ഓഫ് ഇന്ത്യ’ പരിപാടിയിൽ മാധ്യമപ്രവർത്തകരായ കെ.പി.ശശികുമാറും ഷാജഹാൻ മടമ്പാട്ടും അഭിമുഖം നടത്തും.
7.45ന് ‘മതനിരപേക്ഷ ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തിൽ ഡയലോഗ് നടക്കും. കെഎൻഎം മർകസുദ്ദഅ്‌വ വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിക്കും. എംപിമാരായ എം.പി.അബ്ദുസ്സമദ് സമദാനി, ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എൻ.കെ.പ്രേമചന്ദ്രൻ, എ.പി.അനിൽകുമാർ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി രാവിലെ പത്തിന് നടക്കുന്ന യൂണിറ്റി മീറ്റ് സി.എ.സഈദ് ഫാറൂഖി ഉദ്ഘാടനം ചെയ്യും. 1.30ന് നൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ ഇസ്‌ലാഹി മീറ്റ് കെജെയു പ്രസിഡന്റ് പ്രഫ.അബ്ദുൽ ഹമീദ് മദീനി ഉദ്ഘാടനം ചെയ്യും. കെഎൻഎം മർകസുദ്ദഅ്‌വ പ്രസിഡന്റ് ഡോ ഇ.കെ.അഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. സമ്മേളനം 18നു സമാപിക്കും.
സമ്മേളന നഗരിയിൽ വിപുലമായ സൗകര്യങ്ങൾ
മുജാഹിദ് സംസ്ഥാന സമ്മേളനത്തിനെത്തുന്നവർക്ക് ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ. താമസം, ഭക്ഷണം, ആധുനിക ശുചിമുറികൾ, വാഹന പാർക്കിങ് തുടങ്ങി എല്ലാം വെളിച്ചം നഗരിയിൽ സജ്ജമാണ്. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ അനുബന്ധ പരിപാടികളിൽ വൻ ജനപങ്കാളിത്തമായിരുന്നു. തിരക്കു കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങളാണ് സമ്മേളന നഗരിയിൽ ഒരുക്കിയിട്ടുള്ളത്. സമ്മേളനത്തിന്റെ മുന്നോടിയായി ആരംഭിച്ച ഖുർആന പഠനവേദി ഇന്നലെ സമാപിച്ചു. സയൻസ് എക്സിബിഷൻ ഇന്നും നാളെയും തുടരും. കാർഷിക മേള, മെഗാ പുസ്തക മേള, കിഡ്സ് പോർട്ട് എന്നിവ 18 വരെയുണ്ടാകും. പ്രവേശനം സൗജന്യമാണ്.