മഞ്ചേരിയിലെ നടപ്പാതയിൽ മധ്യപ്രദേശ് സ്വദേശി കൊല്ലപ്പെട്ട നിലയിൽ
Mail This Article
മഞ്ചേരി ∙ നഗരത്തിലെ കുത്തുകൽ റോഡിലെ നടപ്പാതയിൽ അതിഥിത്തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് ബാൻസ്ദേഹി ബേൽക്കുണ്ട് ബോത്തിയ റായത്തിലെ നാമദേവിന്റെ മകൻ റാം ശങ്കർ (33) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സ്വദേശികളായ 2 അതിഥിത്തൊഴിലാളികൾ പൊലീസ് പിടിയിലായി.
കുത്തുകൽ റോഡിലെ നടപ്പാതയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇന്നലെ രാവിലെ ഏഴരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തല പൊട്ടി രക്തം നടപ്പാതയിൽ പറ്റിപ്പിടിച്ച നിലയിലായിരുന്നു. മഞ്ചേരിയിലും പരിസരങ്ങളിലുമായി കോൺക്രീറ്റ് ജോലി ചെയ്തുവരികയായിരുന്നു റാം ശങ്കർ.
പൊലീസ് കസ്റ്റഡിയിലുള്ള ഒരാളുടെ മൊബൈൽ ഫോൺ റാം ശങ്കർ മോഷ്ടിച്ചതായി പറയുന്നു. ഇതിനു മുൻപ് താമസസ്ഥലത്തുനിന്നു മറ്റൊരു ഫോൺ നഷ്ടമായിരുന്നു. കുത്തുകൽ റോഡിനു സമീപം അടുത്തടുത്ത 2 മുറികളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. 2 ദിവസം മുൻപ് താമസസ്ഥലത്തുനിന്നു കൂടെയുണ്ടായിരുന്ന തൊഴിലാളികൾ റാം ശങ്കറിനെ പറഞ്ഞുവിട്ടിരുന്നു.
മൊബൈൽ ഫോൺ നഷ്ടമായതു സംബന്ധിച്ച് ഞായർ രാത്രി റാം ശങ്കറും പിടിയിലായവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ തലയ്ക്ക് കല്ല് ഉപയോഗിച്ച് ഇടിച്ചെന്നാണ് പൊലീസ് പറയുന്നത്. കല്ല്, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. റാം ശങ്കറിന്റെ ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. ഫൊറൻസിക് വിഭാഗം, വിരലടയാള വിഭാഗം എന്നിവർ പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ, എഎസ്പി പി.ബി.കിരൺ, ഡിവൈഎസ്പി ബെന്നി എന്നിവരുടെ നേതൃത്വത്തിൽ മഞ്ചേരി സിഐ കെ.എം.ബിനീഷ് ആണ് കേസ് അന്വേഷിക്കുന്നത്.