സെവൻസ് ഫുട്ബോൾകാലം: ഗാലറികൾ തിളച്ചു മറിയുന്നു; ഹൃദയമിടിപ്പുകൾ ഉയരുന്നു
Mail This Article
തിരൂർ ∙ മലപ്പുറത്തിന്റെ ഹൃദയമിടിപ്പുകൾ വേഗത്തിലാക്കി സെവൻസ് ഫുട്ബോൾ സജീവമാകുകയാണ്. രാത്രികാല ഫുട്ബോളിനാണ് ആവേശം കൂടുതൽ. ഫെബ്രുവരി മുതൽ മേയ് വരെയാണു പന്തിനു പിറകെ ജില്ലയുടെ ഫുട്ബോൾ ആരാധകരുടെ മനസ്സും കുതിക്കുക. തിങ്ങി നിറഞ്ഞ ഗാലറികളിൽ കാണികൾ ഇരു ടീമുകൾക്കും വേണ്ടി ആരവം മുഴക്കും.
നല്ല കളിക്കായി പ്രോത്സാഹനം, ഫൗൾ കളിച്ചാൽ ശാസന, അവസരം തുലച്ചാൽ നിർദേശം, ഗോളടിച്ചാൽ ആരവം.. വാനോളം ആവേശവുമായി കളി എത്ര വൈകിയാലും ക്ഷമയോടെ കാത്തിരിക്കുന്ന ആരാധകരാണ് മലപ്പുറത്തിന്റെ ഫുട്ബോൾ വിജയം. സംസ്ഥാന താരങ്ങൾക്കു പുറമേ ദേശീയ രാജ്യാന്തര താരങ്ങൾ വരെ മലപ്പുറത്തെ സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പ്രമുഖ ക്ലബ്ബുകളെല്ലാം മികച്ച താരങ്ങളെ നല്ല കളിക്കായി രംഗത്തിറക്കിയതോടെ കാണികളുടെ പ്രോത്സാഹനവും ലഭിച്ചു. മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം കാണാൻ മറ്റു ജില്ലകളിൽനിന്നു വരെ ആരാധകർ എത്തുന്നുണ്ട്.
സ്ത്രീകളുടെ സാന്നിധ്യവും ഇപ്പോൾ സജീവമാണ്. സ്ത്രീകൾക്കായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കുന്നവരുമുണ്ട്. കഴിഞ്ഞ ഒരു മാസമായി തിരൂർ ആലത്തിയൂരിൽ നടന്ന ഫുട്ബോൾ മത്സരങ്ങൾ കാണാൻ ആരാധകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മലപ്പുറം സൂപ്പർ സ്റ്റുഡിയോ, കെഎഫ്സി കാളികാവ്, ജിംഖാന തൃശൂർ, ഫിഫ മഞ്ചേരി തുടങ്ങിയ ടീമുകൾ ഏറ്റവും മികച്ച കളിക്കാരെ രംഗത്തിറക്കിയതോടെ ഈ ടീമുകൾക്ക് ആരാധകരും കൂടി. എന്നാൽ അധികൃതർ മുൻകൈ എടുത്ത് മികച്ച ഇലവൻസ് ഫുട്ബോൾ മത്സരങ്ങൾകൂടി ജില്ലയിൽ സംഘടിപ്പിക്കാൻ നടപടിയെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.