ADVERTISEMENT

കോട്ടയ്ക്കൽ ∙ ‘അജിതാ ഹരേ ജയ മാധവാ വിഷ്ണോ’..കുചേലവൃത്തം ആട്ടക്കഥയിലെ ഇമ്പമാർന്ന പദങ്ങൾ ഒരേ ഈണത്തിൽ, ഭാവത്തിൽ പാടുന്നത് 2 സഹോദരിമാരാണ്. പുതുതലമുറ പ്രത്യേകിച്ച്, സ്ത്രീകൾ കൂടുതലായി കടന്നുവരാത്ത കഥകളിസംഗീതത്തിന്റെ മേഖലയിൽ ധൈര്യപൂർവമെത്തി ‘കഥകളിപ്പദ കച്ചേരി ’യിൽ സ്വന്തം ഇരിപ്പിടം കണ്ടെത്തിയിരിക്കുകയാണ് കൃഷ്ണേന്ദുവും കീർത്തനയും. പ്രമുഖ കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ മധുവിന്റെയും വൃന്ദയുടെയും മക്കളാണ് ഇരുവരും. 

അച്ഛന്റെ ശിക്ഷണം
∙ ബാല്യത്തിൽ  താരാട്ടിനൊപ്പം ഇരുവരും കേട്ടത് അച്ഛൻ പാടുന്ന കഥകളിപ്പദങ്ങളാണ്. നേരിട്ടും കസെറ്റ്, സിഡി എന്നിവ വഴിയും. വളർന്നപ്പോൾ അച്ഛന്റെ അരങ്ങിനു മുന്നിലെ നല്ല ശ്രോതാക്കളായി. ഇങ്ങനെ കേട്ടുപഠിച്ചതാണ് മിക്ക പദങ്ങളും. മക്കൾ കഥകളിസംഗീതത്തെ ഗൗരവമായി കാണുന്നുവെന്നു മനസ്സിലാക്കിയ മധു ഒഴിവുവേളകളിൽ പാട്ട് പഠിപ്പിക്കാൻ തുടങ്ങി. 2 വർഷം മുൻപ് തിരുവനന്തപുരത്തെ ചടങ്ങിൽ വച്ചായിരുന്നു കച്ചേരി അരങ്ങേറ്റം. പിന്നീട്, ഒട്ടേറെ അവസരങ്ങൾ.

ഇത്തവണ പല ഉത്സവങ്ങൾക്കും കച്ചേരി അവതരിപ്പിക്കുന്നുണ്ട്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടന്ന ഞരളത്ത് സംഗീതോത്സവത്തിൽ കഴിഞ്ഞദിവസം  പാടിയിരുന്നു. കോട്ടയ്ക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിൽ നാളെ കച്ചേരിയുണ്ട്.

കഥകളിയുടെ ലോകം
∙ ആസ്വാദകർക്കു ഏറെ ഇഷ്ടപ്പെട്ട പദങ്ങളാണ് കച്ചേരിക്കായി തിരഞ്ഞെടുക്കുന്നത്. ‘അജിതാ ഹരേ’ കൂടാതെ നളചരിതത്തിലെ ‘മറിമാൻ കണ്ണി’, ദുര്യോധനവധത്തിലെ ‘പരിപാഹിമാം’, സന്താനഗോപാലത്തിലെ ‘ജയിക്ക ജയിക്ക കൃഷ്ണ’ തുടങ്ങിയവയാണ് കൂടുതലായി അവതരിപ്പിക്കുന്നത്. ചെണ്ട, മദ്ദളം, ഇടയ്ക്ക തുടങ്ങിയ വാദ്യോപകരണങ്ങളാൽ പക്കമേളമൊരുക്കും.

തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജിൽ നിന്നു എംഎ കഴിഞ്ഞശേഷം പാലക്കാട്ടെ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് കൃഷ്ണേന്ദു (25).കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ കീർത്തന (16) കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ ഒന്നാംസ്ഥാനത്തെത്തിയിരുന്നു. കോട്ടയ്ക്കൽ ഹരിദാസിന്റെ ശിക്ഷണത്തിൽ കഥകളി വേഷവും അഭ്യസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com