റാം ശങ്കറിന്റെ കൊലയിലേക്ക് നയിച്ചത് മൊബൈൽ ഫോൺ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കം
Mail This Article
മഞ്ചേരി ∙ മധ്യപ്രദേശ് സ്വദേശി റാം ശങ്കറിനെ നിഷ്ഠുരമായി കൊല നടത്തിയ രീതിയും മൃതദേഹത്തിലെ പരുക്കിന്റെ സ്വഭാവവും കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായി. കോടതി റിമാൻഡ് ചെയ്ത അനിൽ, ഗോലു എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.അതിഥിത്തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിലേ, പൊലീസ് അന്വേഷണം. മൃതദേഹം കണ്ടെത്തിയ നടപ്പാതയ്ക്കു സമീപത്തുനിന്ന് 2 പേർ നടന്നു വരുന്ന സിസിടിവി ദൃശ്യം പ്രധാന തുമ്പായി. മരുന്ന് മൊത്ത വിതരണ കേന്ദ്രത്തിന്റെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.
കൊലയ്ക്കു മുൻപ് സെൻട്രൽ ജംക്‌ഷനിൽ ഇവർ തമ്മിലുണ്ടായ തർക്കം തീർത്ത് പറഞ്ഞുവിട്ട പ്രദേശത്തുകാരനെ കണ്ടെത്തി. കൊല്ലപ്പെടുന്നതിനു മുൻപ് ശങ്കറിന്റെ ഫോൺ ചാർജ് ചെയ്യാൻ തമിഴ്നാട് സ്വദേശിയെ ഏൽപിച്ചിരുന്നു. ആ ഫോൺ കണ്ടെത്തി പൊലീസ് പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നേതൃത്വത്തിൽ 3 സ്ക്വാഡുകളായി പൊലീസ് അന്വേഷണം തുടങ്ങി. ഒരു സംഘം സിസിടിവി കേന്ദ്രീകരിച്ചും മറ്റൊരു സംഘം അതിഥിത്തൊഴിലാളികളെ കേന്ദ്രീകരിച്ചും വിവരങ്ങൾ ശേഖരിച്ചു. 30 തൊഴിലാളികളിൽ നിന്നു വിവരം ശേഖരിച്ചു 7 പേരെ കസ്റ്റഡിയിലെടുത്തു. പ്രതികൾ സ്ഥലം വിടാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടി സ്വീകരിച്ചു.
ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നിർദേശ പ്രകാരം ഡിവൈഎസ്പി ബെന്നി, എഎസ്പി പി.ബി.കിരൺ, ഇൻസ്പെക്ടർ കെ.എം.ബിനീഷ്, എസ്ഐമാരായ കെ.ബഷീർ, സജീവ്, എഎസ്ഐമാരായ ഗിരീഷ്, ഗിരീഷ് കുമാർ, എസ്‌സിപിഒമാരായ അനീഷ് ചാക്കോ, തൗഫിക് മുബാറക്, സ്ക്വാഡ് അംഗങ്ങളായ എസ്ഐ പ്രമോദ്, ദിനേഷ് ഐകെ, മുഹമ്മദ് സലീം, കെ.കെ.ജസീർ, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്.
മധ്യപ്രദേശ് സ്വദേശി കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
മഞ്ചേരി ∙ മധ്യപ്രദേശ് സ്വദേശിയായ അതിഥിത്തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബെതുൽ സ്വദേശി അനിൽ കസ്ദേകർ (34), അമരാവതി സ്വദേശി ഗോലു തമിദിൽക്കർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ബേൽക്കുണ്ട് ബോത്തിയ റായത്തിലെ നാമദേവിന്റെ മകൻ റാം ശങ്കർ (33) ആണ് ഞായർ രാത്രി 11.30നു കൊല്ലപ്പെട്ടത്. തിങ്കൾ രാവിലെ മഞ്ചേരി കുത്തുകൽ റോഡിലെ നടപ്പാതയിലാണ് മൃതദേഹം കണ്ടത്. കൊല നടത്തി 24 മണിക്കൂറിനകം പൊലീസ് പ്രതികളെ പിടികൂടി. മൊബൈൽ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്ക് നയിച്ചത്.
മരിച്ച റാം ശങ്കർ, ഗോലുവിന്റെ മൊബൈൽ ഫോണും സുഹൃത്ത് അനിലിന്റെ 20,000 രൂപയടങ്ങിയ പഴ്സും ഈ 16ന് തട്ടിയെടുത്തു മുങ്ങിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച നിലമ്പൂർ റോഡിൽ വച്ച് റാം ശങ്കറിനെ കണ്ട പ്രതികൾ ഇത് ചോദിച്ചത് തർക്കത്തിനിടയാക്കി. രാത്രി വൈകിട്ട് മദ്യപിച്ചെത്തിയ പ്രതികൾ റാം ശങ്കറിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അടിച്ചു വീഴ്ത്തി. നിലത്തു വീണ ശങ്കറിന്റെ തലയിൽ അനിൽ വെട്ടുകല്ല് എടുത്തിട്ടു. ഗോലു അതേ വെട്ടുകല്ല് നെഞ്ചത്തേക്കിട്ടെന്നും പൊലീസ് പറഞ്ഞു.
തിങ്കൾ രാവിലെ മൃതദേഹം കണ്ട പരിസരവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ചു പൊലീസ് നടത്തിയ അന്വേഷണമാണു പ്രതികളിലേക്ക് എത്തിയത്. റാം ശങ്കറിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മധ്യപ്രദേശിൽനിന്നു ബന്ധുക്കൾ എത്തിയാൽ വിട്ടുകൊടുക്കും. മൂവരും മഞ്ചേരിയിലും പരിസരത്തും കോൺക്രീറ്റ് തൊഴിലാളികളാണ്.