ഒറ്റ സ്കൂളിൽനിന്ന് പത്താം ക്ലാസ് പരീക്ഷയ്ക്ക് 14 ജോടി ഇരട്ടകൾ
Mail This Article
കോട്ടയ്ക്കൽ∙ കണ്ടാൽ ഒരേപോലെ തോന്നുമെങ്കിലും അവർ രണ്ടാണ്. പക്ഷേ, പഠനത്തിലും ജീവിതത്തിലും അവരൊന്നാണ്. എസ്എസ്എൽസി പരീക്ഷയെഴുതി വിജയത്തിന്റെ ഇരട്ടിമധുരം നേടിയെടുക്കാനും ഇപ്പോൾ അവരൊന്നിച്ചാണ്. കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഇത്തവണ 14 ജോടി ഇരട്ടകൾ എസ്എസ്എൽസി പരീക്ഷയെഴുതുമെന്നത് അപൂർവം. ആദ്യമായാണ് സ്കൂളിൽനിന്ന് ഇത്രയും ഇരട്ടകൾ ഒന്നിച്ച് എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കുന്നത്.
വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് എല്ലാവരും. അതിൽ 12 പെൺകുട്ടികളും 18 ആൺകുട്ടികളുമാണുള്ളത്. അതിൽ ഒറ്റ പ്രസവത്തിൽ ജനിച്ച 3 കുട്ടികൾ 2 വീതവുമുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും മികവു പുലർത്തുന്ന വിദ്യാർഥികൾക്കും പ്രത്യേകം ക്ലാസുകൾ നടത്തുന്നുണ്ട്.
അധ്യാപകർ തയാറാക്കിയ പ്രത്യേക മൊഡ്യൂളുകൾ വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകുന്നതാണെന്നു വിദ്യാർഥികൾ പറയുന്നു. കുട്ടികളുടെ പഠനസമ്മർദവും പ്രശ്നങ്ങളും കുറയ്ക്കുന്നതിനു മോട്ടിവേഷൻ ക്ലാസുകളും രാത്രികാല പഠനക്യാംപും സൗജന്യമായി നടത്തിവരുന്നുണ്ട്.