കർഷക മാർച്ചിന് ഐക്യദാർഢ്യവുമായി ‘ആൾട്ട്’ കൾച്ചറൽ ഫെസ്റ്റ്
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയന്റെ ‘ആൾട്ട്’ കൾച്ചറൽ ഫെസ്റ്റിവൽ വിളംബര ജാഥയിൽ നിശ്ചല ദൃശ്യങ്ങളായി നിറഞ്ഞത് ഇന്ത്യയിലെ കർഷകരുടെ വേദന. ഡൽഹി ചലോ കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വിളംബര ജാഥ നടത്തിയത്. കർഷകമരണവും കൃഷിക്കാരുടെ ദുരിതങ്ങളും കാഴ്ചക്കാരിലേക്കു വന്നുതറയ്ക്കുന്ന വിധത്തിൽ ട്രാക്ടർ, ഉന്തുവണ്ടി എന്നിവ അണിനിരത്തിയാണ് വിദ്യാർഥികൾ വിളബംര ജാഥ നയിച്ചത്. മറ്റു കലാരൂപങ്ങളും അകമ്പടിയായി.
കലോത്സവ സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായി. സ്റ്റേജിന മത്സരങ്ങൾ ഇന്നും നാളെയുമായി നടത്തും. സോവറിനിറ്റി, സോഷ്യലിസം, സെക്കുലറിസം, ഡമോക്രസി, റിപ്പബ്ലിക് എന്നീ 5 ഗ്രൂപ്പുകളായി മത്സരാർഥികളെ തിരിച്ചാണ് കലോത്സവം നടത്തുന്നത്. 3 വേദികളിലായാണ് സ്റ്റേജിന മത്സരങ്ങൾ നടത്തുന്നത്. കാതൽ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ സുധി കോഴിക്കോട് കലോത്സവം ഉദ്ഘാടനം ചെയ്തു.
സൈലം സിഇഒ ഡോ. അനന്തു മുഖ്യാതിഥിയായിരുന്നു. ഡിഎസ്‌യു ചെയർപഴ്സൻ കെ.ജ്യോബിഷ് അധ്യക്ഷത വഹിച്ചു. ആതിര, ഡോ. ഷിബി, സി.എച്ച്.അമൽ, ആർ.കെ.വൈശാഖ്, എ.ആർ.അഭിനവ് എന്നിവർ പ്രസംഗിച്ചു. രാഗവല്ലി മ്യൂസിക് ബാൻഡിന്റെ സംഗീതനിശയുമുണ്ടായി.