ADVERTISEMENT

തിരൂരങ്ങാടി ∙ എടരിക്കോട് സബ് സ്റ്റേഷനിൽനിന്ന് പരപ്പനങ്ങാടി സബ് സ്റ്റേഷനിലേക്ക് 110 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ കൊണ്ടുപോകുന്നതിനുള്ള പണി ആരംഭിച്ചു. തിരൂർ സബ് സ്റ്റേഷനിൽനിന്ന് എടരിക്കോട് സബ് സ്റ്റേഷനിലേക്ക് പോകുന്ന ലൈനിൽ, കരിങ്കപ്പാറയിൽ നിന്ന് ടാപ്പ് ചെയ്താണ് പരപ്പനങ്ങാടി സബ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. 

കരിങ്കപ്പാറ, തെന്നല, അറക്കൽ, കുണ്ടൂർ, കൊടിഞ്ഞി , വെഞ്ചാലി, കാളംതിരുത്തി, കീരനെല്ലൂർ, കൊട്ടന്തല, മുരിക്കൽ വഴിയാണ് പരപ്പനങ്ങാടി സബ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. ഇതിനുള്ള ടവർ നിർമാണം തുടങ്ങി. ലൈൻ കൊണ്ടുപോകുന്ന ഭൂരിഭാഗം സ്ഥലവും വയലാണ്. 64 ടവറുകളാണ് നിർമിക്കുന്നത്. 15 കിലോമീറ്റർ ദൂരമാണുള്ളത്. ഇപ്പോൾ കൃഷി നടക്കാത്ത സ്ഥലങ്ങളിലാണ് ടവറിന്റെ നിർമാണം നടക്കുന്നത്. കൊയ്ത്തു കഴിഞ്ഞാൽ മറ്റു സ്ഥലങ്ങളിലെ നിർമാണ പ്രവൃത്തികളും ആരംഭിക്കും. 

13.6 കോടി രൂപ ചെലവിലാണ് പ്രവൃത്തി. ലൈൻ യാഥാർഥ്യമായാൽ പ്രധാനമായും വൈദ്യുതി തടസ്സം പരിഹരിക്കാൻ ഉപകരിക്കപ്പെടും. ഇതിനുപുറമേ വൈദ്യുതി വിതരണം സുഗമമാക്കാനും കഴിയും. തിരൂർ, എടരിക്കോട്, വെന്നിയൂർ, പരപ്പനങ്ങാടി സബ് സ്റ്റേഷനുകളിലേക്ക് ആവശ്യഘട്ടത്തിൽ വൈദ്യുതി ഉപയോഗപ്പെടുത്താൻ കഴിയും. ഏതെങ്കിലും സബ് സ്റ്റേഷനിൽ പ്രവൃത്തി നടക്കുകയാണെങ്കിൽ മറ്റു സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ ഉപയോഗിക്കപ്പെടുത്താൻ കഴിയും എന്നതാണ് പ്രധാന നേട്ടം.

കൂടാതെ, നിർദിഷ്ട വെന്നിയൂർ സബ് സ്റ്റേഷനും ഇത് ഉപയോഗപ്പെടും. ജില്ലയിൽ സബ് സ്റ്റേഷനുകളുടെ എണ്ണവും ശേഷിയും കുറവായതിനാലാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. നിർമാണം നടക്കുന്ന ജില്ലയിലെ ഏക 220 കെവി സബ് സ്റ്റേഷനായ തിരൂർ വെങ്ങല്ലൂരിൽ നിന്നും പരപ്പനങ്ങാടി, എടരിക്കോട് എന്നിവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനും ഈ സംവിധാനം കൊണ്ട് കഴിയും. സബ് സ്റ്റേഷനുകളിൽ ലോഡ് ക്രമവൽക്കരിക്കാനും സാധിക്കുമെന്ന് കെഎസ്ഇബി പ്രൊജക്ട് അസി.എൻജിനീയർ ഫസലുറഹ്മാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com