ADVERTISEMENT

എടപ്പാൾ ∙ കോടികൾ മുടക്കി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിർമ‍ിച്ച മിനി സ്റ്റേഡിയം പരിപാലനമില്ലാതെ നശിക്കുന്നു. സ്വകാര്യ ടർഫുകൾ ലാഭകരമായി മുന്നേറുമ്പോഴാണ് ഇവിടത്തെ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം ഉപയോഗശൂന്യമായി കിടക്കുന്നത്. പുൽമൈതാനത്തിലെ പുല്ലുകൾ മുഴുവൻ വേനലിൽ പൂർണമായും ഉണങ്ങി. ഇനി ആദ്യം മുതൽ പുല്ലുകൾ വച്ചുപിടിപ്പിക്കേണ്ട അവസ്ഥയാണ്. 6.74 കോടി രൂപ ചെലവഴിച്ചാണ് ഇവിടെ സ്റ്റേഡിയവും ഇൻഡോർ കോർട്ടും നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്റ്റേഡിയത്തിൽ പിന്നെ പന്തുരുണ്ടില്ല. നിയന്ത്രണങ്ങൾ ഒഴിവായെങ്കിലും പ്രാദേശിക കളിക്കാർക്ക് തുറന്നു നൽകില്ലെന്ന തീരുമാനത്തെ തുടർന്ന് സ്റ്റേഡിയം അടഞ്ഞു കിടന്നു. 

പരാതികൾ വ്യാപകമായതോടെ കമ്മിറ്റി രൂപീകരിച്ച് ആഴ്ചയിൽ നിശ്ചിത ദിവസം ക്ലബ്ബുകൾക്ക് തുറന്നു നൽകി. പുല്ലുകൾക്കിടയിൽ കളകൾ വളർന്ന് കോർട്ട് നശിച്ചു. നിലവിൽ വേനൽ വന്നതോടെ പുല്ലുകൾ മുഴുവനായും ഉണങ്ങിയ നിലയിലാണ്. കൃത്യമായ പരിപാലനം നടത്താത്തതാണ് സ്റ്റേഡിയം നശിക്കാൻ ഇടയാക്കിയത്. മാസം 30,000 രൂപയോളം ഇതിന് ചെലവ് വരും. ചെലവ് നിലവിലെ കമ്മിറ്റിക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്നാണ് ആക്ഷേപം. സെക്യൂരിറ്റി ജീവനക്കാരൻ, വൈദ്യുതി ബില്ല്, ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെയും ചെലവുകൾ വരും. യഥാസമയം പറിച്ചു മാറ്റുകയും കൃത്യമായി നനയ്ക്കാൻ സംവിധാനം ഒരുക്കുകയും ചെയ്താൽ സ്റ്റേഡിയം കളിക്കാർക്ക് ഉപയോഗപ്രദമാകും. 

ഇൻഡോർ സ്റ്റേഡിയവുംതകർച്ചയിലേക്ക്
∙ ഇവിടെ നിർമിച്ച ഇൻഡോർ സ്റ്റേഡിയവും വെറുതേ കിടന്ന് നശിക്കുന്നു. സ്കൂളിനോട് ചേർന്നാണ് കോടികൾ ചെലവിട്ട് ഇൻഡോർ സ്റ്റേഡിയം നിർമിച്ചത്. വിവിധ കളികൾ ഇവിടെ നടത്താനായാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ ഉദ്ഘാടനത്തിനു ശേഷം ഇത് തുറന്നു നൽകിയിട്ടില്ല. വിദ്യാർഥികൾക്കും പ്രദേശത്തെ കായിക താരങ്ങൾക്കും ഏറെ ഉപയോഗപ്പെടുന്ന സംവിധാനമാണ് ദീർഘവീക്ഷണം ഇല്ലാത്തതിനാൽ നശിക്കുന്നത്. 

മിനി സ്റ്റേഡിയത്തിൽ മാസം തോറും വലിയ തുക ചെലവ് വരുന്നുണ്ട്. നിലവിലെ കമ്മിറ്റിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. എങ്കിലും കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവിടെ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കും. മഴ പെയ്യുന്നതോടെ വിത്തുകൾ പാകി പുല്ലുകൾ വളർത്താനുള്ള നീക്കം നടത്തുന്നുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിൽ താഴെ വിരിക്കുന്ന മാറ്റ് സ്ഥാപിക്കാത്തതു മൂലമാണ് ഇത് തുറക്കാൻ വൈകുന്നത്. ഇതിനായി ജില്ലാ പഞ്ചായത്തിൽ 40 ലക്ഷം രൂപ അനുവദിക്കാനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇത് അനുവദിക്കുന്നപക്ഷം മാറ്റ് സ്ഥാപിച്ച് സ്റ്റേഡിയം തുറന്നു നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com