ഇനിയും തുക അനുവദിച്ചില്ലെങ്കിൽ മെഡിക്കൽ കോളജ് പൂട്ടേണ്ടി വരും
Mail This Article
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓക്സിജനും ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റും വിതരണം ചെയ്യുന്ന ഏജൻസികൾക്ക് ഉൾപ്പെടെ വീട്ടാനുള്ള കടം പെരുകി. സർക്കാരിൽ നിന്നു കിട്ടാനുള്ള 25 കോടി രൂപയിൽ 7 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ പൂട്ടേണ്ടി വരുമെന്ന് ആശുപത്രി വികസന സമിതി അറിയിച്ചു. ആശുപത്രി അക്കൗണ്ടിൽ അവശേഷിക്കുന്ന 19 ലക്ഷം രൂപ തീർന്നാൽ സ്ഥിതി ഗുരുതരമാണെന്ന് യോഗം വിലയിരുത്തി. കുടിശിക നൽകിയില്ലെങ്കിൽ അടുത്ത മാസം മുതൽ സേവനം നിർത്തുമെന്ന് ബന്ധപ്പെട്ട ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 2 മാസമായി സർക്കാരിൽ നിന്നു ലഭിക്കാനുള്ള പണം കിട്ടാത്തത് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും സർക്കാർ കണ്ണ് തുറന്നില്ല. എച്ച്ഡിഎസ് വരുമാനം കുറഞ്ഞതും തിരിച്ചടിയായി. കഴിഞ്ഞ മാസാവസാനം ലഭിച്ച 73 ലക്ഷം രൂപയുപയോഗിച്ച് കടം വീട്ടി. കുറച്ച് ജീവനക്കാർക്ക് വേതനം നൽകി. ഫണ്ട് അനുവദിച്ചില്ലെങ്കിൽ അടുത്ത മാസം വേതന വിതരണവും മുടങ്ങും.
മെഡിക്കൽ കോളജിനു 50 ഏക്കർ ഏറ്റെടുക്കാൻ സർക്കാരിനോട് വീണ്ടും ആവശ്യപ്പെടാനും എച്ച്ഡിഎസ് യോഗം തീരുമാനിച്ചു. ആശുപത്രി വളപ്പിൽ സ്വകാര്യ ആംബുലൻസുകളുടെ പാർക്കിങ് ഒഴിവാക്കും. ഇവിടെ കൂട്ടിരിപ്പുകാരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങാൻ ജീവനക്കാരെ അനുവദിക്കാൻ ആവശ്യപ്പെടും. എച്ച്ഡിഎസിൽ പുതുതായി രാഷ്ട്രീയ പ്രതിനിധികളെ ഉൾപ്പെടുത്തില്ല. റാംപിനു സമീപം കുട്ടികളുടെ പ്ലേ ഏരിയ നിർമിക്കും. കലക്ടർ വി.ആർ.വിനോദ് ആധ്യക്ഷ്യം വഹിച്ചു. യു.എ.ലത്തീഫ് എംഎൽഎ, നഗരസഭാധ്യക്ഷ വി.എം.സുബൈദ, പ്രിൻസിപ്പൽ ഡോ.എൻ.ഗീത, സൂപ്രണ്ട് ഷീന ലാൽ, എഎസ്പി പി.ബി.കിരൺ, വല്ലാഞ്ചിറ മുഹമ്മദലി, വി.എം.ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
സൗജന്യ ഭക്ഷണം ശുചിമുറിയിൽ കളയല്ലേ
രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗജന്യ ഭക്ഷണം വിതരണം ക്രമീകരിക്കും. യഥേഷ്ടം ലഭിക്കുന്ന ഭക്ഷണം ശുചിമുറിയിലെ ക്ലോസറ്റ്, വാർഡുകളിലെ ബക്കറ്റ് എന്നിവിടങ്ങളിൽ തള്ളുന്നുണ്ട്. ഏതാനും സംഘടനകളാണ് ഭക്ഷണം എത്തിക്കുന്നത്. എത്ര ഭക്ഷണപ്പൊതി വേണമെന്ന് മെഡിക്കൽ ഓഫിസർ അറിയിക്കുന്നത് അനുസരിച്ചാകും ഇനി വിതരണം.