ഇശലിന്റെ നാട്ടിൽ ഗസലിന്റെ ഓളം തീർത്ത പങ്കജ് ഉധാസ് ഓർമകൾ
Mail This Article
മലപ്പുറം ∙ ഇശലിന്റെ നാട്ടിൽ പങ്കജ് ഉധാസ് ഗസലിന്റെ ഓളം സൃഷ്ടിച്ച ഓർമകൾക്ക് 22 വർഷം തികഞ്ഞതിന്റെ തൊട്ടു പിറ്റേന്ന് അദ്ദേഹത്തിന്റെ മടക്കം. ഗസൽ പ്രേമികളുടെ മനസ്സിൽ ഇന്നും മുഴങ്ങുന്നുണ്ട് അദ്ദേഹം മലപ്പുറത്ത് ആദ്യമായി പാടാനെത്തിയതിന്റെ ആരവം. 2002 ഫെബ്രുവരി 25ന് മലയാള മനോരമയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിലായിരുന്നു ജനസാഗരം തീർത്ത ആ ഗസൽസന്ധ്യ. കോഴിക്കോട്ടെ അപേക്ഷിച്ച് ജില്ലയിൽ ചില കേന്ദ്രങ്ങളിൽ മാത്രം ഗസൽ ഒതുങ്ങി നിന്ന സമയത്ത് പങ്കജ് ഉധാസ് മലപ്പുറത്ത് വരുന്നുവെന്ന വാർത്ത അന്ന് ഏറെ ആഹ്ലാദത്തോടെയാണ് കേട്ടതെന്ന് ഈ രംഗത്തെ കലാകാരൻ ചെമ്മാട് ആലിൻചുവട് സ്വദേശി ഐദീദുൽ ജാഫരി (ജാഫർ ഐദീദ് തങ്ങൾ–69) ഓർക്കുന്നു. ഗസലിനെ ലളിതമായി അവതരിപ്പിച്ച് ഈ രംഗത്തുള്ളവരുടെ ആരാധനാ പാത്രമായ അദ്ദേഹത്തെ നേരിട്ടു കാണാൻ സുഹൃത്തുക്കളായ 20 പേരോടൊപ്പമാണ് പോയത്. ഗ്രൗണ്ടിലെത്തിയപ്പോൾ ജനസാഗരം. കാത്തിരുന്നവർക്കിടയിലേക്ക് കൈവീശി അദ്ദേഹമെത്തുമ്പോൾ മനസ്സിൽ പ്രത്യേക അനുഭൂതി. ഗസൽ മുൻപേ ഇഷ്ടപ്പെടുന്നവരും ആദ്യമായി കേൾക്കാനെത്തിയവരുമുണ്ടായിരുന്നു ജനക്കൂട്ടത്തിൽ. പക്ഷേ, ഓരോ പാട്ടുകളിലൂടെയും അദ്ദേഹം മലപ്പുറത്തെ കയ്യിലെടുത്തു.
മടങ്ങിപ്പോകാൻ കൈവീശുമ്പോൾ ജനസാഗരം മതിമറന്നാണ് കയ്യടിച്ചത്. ജനക്കൂട്ടത്തിന് പങ്കജ് ഉധാസ് പ്രത്യേക നന്ദിയും പറഞ്ഞു. അവിടെയെത്തിയ ഓരോരുത്തരുടെയും മനസ്സിൽ ഗസലിന്റെ വിത്തു മുളപ്പിച്ചാണ് അദ്ദേഹം മടങ്ങിപ്പോയത്. കുന്നുമ്മലിലെ സ്വന്തം കടയിലേക്ക് പിന്നീട് പങ്കജ് ഉധാസിന്റെ മാത്രം കസെറ്റുകൾ അന്വേഷിച്ച് വന്നവരുടെ എണ്ണം മൂന്നിരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. ഗസലിന് ഇത്രയും ആരാധകർ മലപ്പുറത്തുണ്ടെന്ന് പങ്കജ് ഉധാസാണ് തെളിയിച്ചതെന്ന് ഗസൽ കലാകാരൻ ബാബുരാജ് കോട്ടക്കുന്ന് പറയുന്നു. താളത്തിനൊത്ത് കൈവീശിയും തലയാട്ടിയുമുള്ള അദ്ദേഹത്തിന്റെ ചലനങ്ങൾ കൂടിയാണ് ആ ഗസൽ ‘വേറെ ലെവൽ’ ആക്കിയത്. സമീപ ജില്ലകളിൽ നിന്നു പോലും അദ്ദേഹത്തെ കേൾക്കാൻ ആളുകളെത്തിയത് ഇന്നും ഓർക്കുന്നുണ്ടെന്നും ബാബുരാജ് പറഞ്ഞു. ഒറ്റത്തവണയേ നേരിൽക്കണ്ടുള്ളൂവെങ്കിലും ആസ്വാദക മനസ്സിൽ മരണമില്ലാതെ പങ്കജ് ഉധാസ് ഉണ്ടാകുമെന്ന് അന്ന് സദസ്സിലുണ്ടായിരുന്ന പി.സുന്ദർരാജ് കുറിച്ചു. ഗസലിനെ മലപ്പുറത്ത് ജനകീയമാക്കിയതിൽ പങ്കജ് ഉധാസിന്റെ സ്വരമാധുരിക്കുള്ള പങ്കാണ് ഇതുപോലെ പലരും ഓർത്തെടുക്കുന്നത്.