അടിപ്പാത: രണ്ടത്താണി പ്രതീക്ഷയർപ്പിക്കുന്നത് കോടതിയുടെ കനിവിൽ
Mail This Article
കോട്ടയ്ക്കൽ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി രണ്ടത്താണി ടൗണിൽ അടിപ്പാത വരുമെന്ന പ്രതീക്ഷ കൈവിടാതെ നാട്ടുകാർ. രണ്ടത്താണി ടൗണിനെ രണ്ടാക്കി മാറ്റിയാണ് ആറുവരിപ്പാതയുടെ നിർമാണം നടക്കുന്നത്. ഏറെക്കാലത്തെ ചരിത്രം പറയാനുള്ള അങ്ങാടിയാണ് രണ്ടത്താണി. പുതിയ പാത നിർമാണത്തിലൂടെ ജനങ്ങളുടെ വർഷങ്ങളായുള്ള സഞ്ചാരപാത നഷ്ടപ്പെട്ടിരിക്കുകയാണ്. പുതിയ പാത വന്നാൽ റോഡിന്റെ ഒരുവശത്തുള്ളവർക്ക് മറുവശത്തെത്താൻ മുച്ചിക്കലിലെ അടിപ്പാതയിലൂടെയോ പൂവൻചിനയിലെ മേൽപാലത്തിലൂടെയോ പോകണം.
ടൗണിലെ ബാങ്ക്, ആശുപത്രി, മദ്രസ, സ്കൂൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവയിലേക്ക് എത്തിപ്പെടണമെങ്കിൽ ഏറെ ദൂരം സഞ്ചരിക്കേണ്ടിവരും. ആവശ്യം നേടിയെടുക്കാൻ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ സമരരംഗത്താണ്. ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള സമരം നടത്തി. ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവന്നു. എന്നിട്ടും പരിഹാരമായില്ല. ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നതു മാത്രമാണ് നാട്ടുകാരുടെ ഏക പ്രതീക്ഷ. അടിപ്പാതയില്ലെങ്കിൽ ഒരു ബോക്സ് കൾവർട്ട് എങ്കിലും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെടുന്നു.