ADVERTISEMENT

നികലോന ബേ നഖാബ്, സമാനാ ഖരാബ് ഹേ’ (കാലം മോശമാണ്. മുഖപടമണിയാതെ പുറത്തു പോകരുത്). പങ്കജ് ഉധാസെന്ന അഭൗമ ഗായകന്റെ മനോഹരമായൊരു ഗസലിന്റെ തുടക്കമിങ്ങനെയാണ്. മുഖാവരണമണിയുന്നത് നമ്മുടെ ശീലത്തിന്റെ ഭാഗമായിരുന്ന കോവിഡ് കാലത്ത് ഞാൻ അദ്ദേഹത്തിന്റെ ആ ഗസൽ ശകലം പാടി മൊഴിമാറ്റം നടത്തിയത് സമൂഹ മാധ്യമങ്ങളിൽ നന്നായി പ്രചരിച്ചിരുന്നു. അതേക്കുറിച്ച് പിന്നീട് ഫോണിൽ അദ്ദേഹം വളരെ സന്തോഷത്തോടെ സംസാരിച്ചു. ചില സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞ നല്ല വാക്കുകൾ പിന്നീട് അറിയാനും ഇടയായി. പങ്കജ് ഉധാസ് എന്ന മഹാഗായകനെക്കുറിച്ചോർക്കുമ്പോൾ മനസ്സിലേക്കു വരുന്ന ഒട്ടേറെ ഓർമകളിൽ മധുരമുള്ള ഒന്നാണിത്. മുംബൈയിലെ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് മണിക്കൂറുകളോളം സംസാരിച്ചതും ഓർമവരുന്നു. സംസാരത്തിനിടയിൽ തന്റെ ലൈബ്രറിയിലെ ഷെൽഫിലിരുന്ന ഉറുദു കാവ്യ സമാഹാരമെടുത്ത് അതിലെ വരികൾ പാടിയതും അതിൽ ഞാൻ മതിമറന്നു പോയതും മറക്കാനാകില്ല.

അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ സൗന്ദര്യവും അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഹൃദയഹാരിയായ സന്ദർഭങ്ങളുടെ സൗരഭ്യവും ഒരിക്കലും മായില്ല. അനന്യ സാധാരണമായ അദ്ദേഹത്തിന്റെ ശബ്ദം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗസലിന്റെ സംസ്കാരത്തിന് ഏറ്റവും അനുയോജ്യമായിരുന്നു ആ ശബ്ദം. ഇന്ത്യയുടെ ബഹുസ്വര സംസ്കൃതിയുടെ വിസ്മയകരമായ സ്വരവിന്യാസമായിരുന്നു പങ്കജ് ഉധാസ്. അത്യപൂർവതയുള്ള ഗായകനും കലാകാരനും. നമ്മുടെ സമ്മിശ്ര സംസ്കാരത്തിന്റെ ആഴവും പരപ്പും ശക്തിസൗന്ദര്യവും തിരിച്ചറിഞ്ഞ് അദ്ദേഹത്തെപ്പോലൊരു മഹാപ്രതിഭയയുടെ വേർപാട് ക്ലേശങ്ങൾ നിറഞ്ഞ ഇതുപോലുള്ളൊരു കാലത്തിന് താങ്ങാവുന്നതല്ല. തണൽ ഏറെ ആവശ്യമായ ഒരു വീഥിയിലും കാലത്തും തണൽ മരങ്ങൾ ഒന്നൊന്നായി മറയുകയാണോ? എങ്കിൽ നമ്മളൊന്നിച്ചു ചേർന്ന് അവരൊക്കെ പകർന്നേകിയ മഹിതമായ സാംസ്കാരിക സ്തംഭങ്ങൾക്ക് കാവൽ നിൽക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com