പോത്തുകല്ലിൽ മഞ്ഞപ്പിത്തം; രോഗികൾക്ക് ക്വാറന്റീൻ
Mail This Article
എടക്കര ∙ പോത്തുകല്ലിൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് 2 പേർ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. പോത്തുകല്ല് പുളിക്കത്തറയിൽ മാത്യു ഏബ്രഹാം (60), ഉപ്പട പുത്തൻ വാരിയത്ത് സുജിത്ത് (46) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിരിക്കെ തിങ്കളാഴ്ച മരിച്ചത്. ഇവരുടെ രോഗ ലക്ഷണങ്ങളിൽനിന്നു മഞ്ഞപ്പിത്ത ബാധയാണെന്നാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ എല്ലാ കിണറുകളും ക്ലോറിനേഷൻ നടത്താനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. രോഗ ബാധിതർ 3 ആഴ്ച ക്വാറന്റീനിൽ തുടരണം. പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഹോട്ടലുകളും കൂൾബാറുകളും ഒരു മാസത്തേക്ക് പാചകം ചെയ്യാത്ത ഒരു ഭക്ഷണവും വിതരണം ചെയ്യരുത്. ശീതളപാനീയങ്ങൾ, ഐസ്ക്രീം എന്നിവയുടെ വിൽപനയും പാടില്ല.
വലിയ ഹോട്ടലുകളിലും കൂൾബാറുകളിലും ഫിൽറ്റർ നിർബന്ധമാക്കാനും നിർദേശിച്ചു.രോഗം കൃത്യസമയത്ത് കണ്ടെത്താനും ചികിത്സ ലഭിക്കാൻ വൈകിയതുമാണ് മരണത്തിനിടയതെന്നാണ് ആരോപണം. പോത്തുകല്ല് പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളിൽ ഒരു മാസത്തിനിടയിൽ 70ൽപരം പേർക്കാണ് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയത്. ഇതിനെ തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി കഴിഞ്ഞ 3 ദിവസമായി ഹോട്ടലുകളും കൂൾബാറുകളും അടച്ചിട്ടിരുന്നു. ഹോട്ടലുകൾക്കും കൂൾബാറുകൾക്കും വെള്ളം ഉരയോഗിക്കുന്ന 6 കിണറുകളിലെ വെള്ളം സാംപിൾ ശേഖരിച്ചു പരിശോധന നടത്തിയതിൽനിന്നു 3 കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റുന്നതല്ലെന്നാണ് കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, മെഡിക്കൽ ഓഫിസർ ഡോ.സി.പി.ജുമാൻ, പഞ്ചായത്ത് സെക്രട്ടറി എ.എസ്.ഷക്കീല, വൈസ് പ്രസിഡന്റ് ഷാജി ജോൺ, തുടങ്ങിയവർ പ്രസംഗിച്ചു.