കുളിർമലയിലെ തീപിടിത്തം: വ്യാപനം ഒഴിവായി
Mail This Article
പെരിന്തൽമണ്ണ∙ കുളിർമലയിലെ ഒട്ടേറെ ഏക്കർ സ്ഥലത്തെ പുൽക്കാടുകൾ 2 ദിവസത്തെ തീയിൽ കത്തിയമർന്നു. ചൊവ്വാഴ്‌ച രാവിലെ മലയിൽ തുടങ്ങിയ തീ ഇന്നലെ വൈകിട്ടോടെയാണ് വ്യാപനം ഒഴിവായി എരിഞ്ഞടങ്ങിയത്. എങ്കിലും മലയുടെ പല ഭാഗങ്ങളിലും പുക ഉയരുന്നുണ്ട്. ഇന്നലെ പെരിന്തൽമണ്ണ– മണ്ണാർക്കാട് റോഡിൽ മനഴി ബസ് സ്‌റ്റാൻഡും നഗരസഭാ ഓഫിസും വിവിധ വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനും സമീപത്തെ പള്ളിക്കും അടുത്തു വരെ കുളിർമലയിലെ തീയെത്തി.
അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രണ്ടര മണിക്കൂറോളം കഠിനാധ്വാനം ചെയ്‌താണ് തീയുടെ വ്യാപനം തടഞ്ഞത്. സമീപത്തെ പള്ളിയിൽനിന്നുകൂടി വെള്ളമെടുത്താണ് തീയണച്ചത്. അതേ സമയം മലയ്‌ക്കു മുകളിലെ തീയണയ്ക്കുന്ന കാര്യത്തിൽ അഗ്നിശമനസേനയും നിസ്സഹായരായി. ചെറിയ വഴിയിലൂടെ മലയ്‌ക്കു മുകളിലേക്ക് കയറാൻ ഫസ്‌റ്റ് റെസ്‌പോൺസ് വെഹിക്കിളും (എഫ്‌ആർവി), മൾട്ടി യൂട്ടിലിറ്റി വെഹിക്കിളും ഇല്ലാത്തതിനാൽ കഴിഞ്ഞ 2 ദിവസങ്ങളിലും മുകളിലേക്കു നടന്നു കയറി പച്ചില ശിഖരങ്ങൾ ഉപയോഗിച്ച് അടിച്ചു കെടുത്താനാണ് അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും പരമാവധി ശ്രമം നടത്തിയത്.
മയിലുകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുള്ള വനഭാഗത്താണ് തീപിടിത്തമുണ്ടായത്. വളരെയേറെ ജീവജാലങ്ങൾക്കും അവയുടെ ആവാസ വ്യവസ്ഥയ്‌ക്കും നാശം സംഭവിച്ചു. മേഖലയിലെ തീപിടിത്തത്തിനു കാരണം അലക്ഷ്യമായി തീയിട്ടതോ കത്തിച്ച സിഗരറ്റ് കുറ്റികൾ വലിച്ചെറിഞ്ഞതോ ആകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.