ശിവരാത്രി ആഘോഷം; ക്ഷേത്രങ്ങളിൽ ഒരുക്കമായി
Mail This Article
എടപ്പാൾ ∙ ശിവരാത്രി ആഘോഷങ്ങൾക്ക് ക്ഷേത്രങ്ങൾ ഒരുങ്ങി. മേഖലയിലെ പ്രമുഖ ശിവക്ഷേത്രങ്ങളിൽ 8ന് വിവിധ പരിപാടികളോടെ ശിവരാത്രി ആഘോഷം നടക്കും. വട്ടംകുളം പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, അഭിഷേകം, മലർ നിവേദ്യം, പ്രഭാത ശീവേലി, പഞ്ചവാദ്യം, പറവയ്പ് എന്നിവ പ്രത്യേക പരിപാടികളാണ്. രാത്രി പുരമുണ്ടേക്കാട് ശ്രീരുദ്രം നാമജപ സംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, ഇരട്ട തായമ്പക എന്നിവയും ഉണ്ടാകും. പൂക്കരത്തറ തളി ശിവക്ഷേത്രത്തിലെ ആഘോഷങ്ങൾ 7, 8 തീയതികളിൽ നടക്കും.
7ന് വൈകിട്ട് 6ന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി തൈശ്ശേരി ഇല്ലം വിഷ്ണു നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നവകം, പഞ്ചഗവ്യം ദീപാരാധന എന്നിവ നടക്കും. 8ന് അഭിഷേകം, മലർനിവേദ്യം, ധാര, ഗണപതിഹോമം, പന്തീരടി പൂജ എന്നിവ ഉണ്ടാകും.
വൈകിട്ട് കാഴ്ച ശീവേലി, മേളം, എഴുന്നള്ളിപ്പ്, വിവിധ ദേശക്കാരുടെ വരവുകൾ, രാത്രി ശിവരാത്രി പൂജ, തായമ്പക, വൈക്കം വിപഞ്ചിക അവതരിപ്പിക്കുന്ന ബാലെ എന്നിവ പ്രത്യേക പരിപാടികളാണ്. പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷവും വേട്ടേക്കരന് കളംപാട്ടും പന്തീരായിരവും ലക്ഷം ദീപ സമർപ്പണവും 8ന് നടക്കും.
അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ശ്രീരുദ്രം ചമകം, വലിയ ധാര, കേളി, മഹാ മൃത്യുഞ്ജയ ഹോമം, പന്തീരായിരം, കളമെഴുത്ത്, വൈകിട്ട് പ്രദോഷ ശീവേലി, സന്ധ്യാ വേല, തായമ്പക, പഞ്ചദ്രവ്യ കലശപൂജ, കലശാഭിഷേകം, രാത്രി മുല്ലക്കൻ പാട്ട്, കളംപാട്ട്, തിരി ഉഴിച്ചിൽ, പന്തീരായിരം എന്നിവ ഉണ്ടാകും.
ശുകപുരം ചമ്പ്രമാണം മഹേശ്വര ക്ഷേത്രം, ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം തുടങ്ങി വിവിധ ശിവക്ഷേത്രങ്ങളിൽ വിവിധ പരിപാടികളോടെ ശിവരാത്രി ആഘോഷിക്കും.