വയസ്സ് 50 കഴിഞ്ഞിട്ടും ‘സിക്സ് പാക്ക്’; ആ സ്വപ്നം യാഥാർഥ്യമാക്കിയത് 53–ാം വയസ്സിൽ
Mail This Article
മലപ്പുറം ∙ 50 വയസ്സ് കഴിഞ്ഞിട്ടും ‘സിക്സ് പാക്ക്’ ശരീരം സൂക്ഷിക്കുന്നതിന് മക്കരപ്പറമ്പ് കാളാവ് സ്വദേശി ഷംസുദ്ദീൻ മണ്ണിശ്ശേരിക്ക് കൃത്യമായൊരു ലക്ഷ്യമുണ്ടായിരുന്നു. ചെറുപ്പം മുതലേ ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും നേടാനാവാത്തൊരു സ്വപ്നമുണ്ടായിരുന്നു മനസ്സിൽ. ‘മിസ്റ്റർ മലപ്പുറം’ എന്ന കിരീടം നെഞ്ചിൽ ചൂടുക എന്ന ആ സ്വപ്നം യാഥാർഥ്യമാക്കിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. അതും 53–ാം വയസ്സിൽ.
മലപ്പുറം നഗരസഭാ ഹാളിൽ കേരള ബോഡി ബിൽഡിങ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ചാംപ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയാണ് ആ മധുരമോഹം സഫലമാക്കിയത്. തമിഴ്, മലയാളം സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഷംസുദ്ദീൻ ഇപ്പോൾ സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള കടുത്ത പരിശീലനത്തിലാണ്. ചെറുപ്പം മുതലേ ബോഡി ബിൽഡിങ് ശ്രദ്ധിക്കുന്നുണ്ട് ഷംസുദ്ദീൻ. മലപ്പുറം ഗവ. കോളജിൽ പഠിക്കുന്ന കാലത്ത് ജില്ലാ വോളിബോൾ ടീമിൽ അംഗമായിരുന്നു. ബോഡി ബിൽഡിങ്ങിൽ മത്സരങ്ങൾക്ക് പോയിരുന്നെങ്കിലും വിജയത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
നടൻ കൂടിയായ അബു സലീം അന്ന് മലപ്പുറം എംഎസ്പി ക്യാംപിലുണ്ടായിരുന്നതാണ് വലിയ പ്രചോദനമായത്. അദ്ദേഹത്തെ നേരിട്ടുകണ്ട് ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചൊക്കെ ചോദിച്ചറിയാറുണ്ടായിരുന്നു. ആ അടുപ്പവും ശരീരം കൃത്യമായി ശ്രദ്ധിക്കുന്നതുമാണ് പിന്നീട് സിനിമകളിലേക്കും വഴിയൊരുക്കിയത്. ക്രിക്കറ്റ് താരം ഹർഭജൻ സിങ് കേന്ദ്ര കഥാപാത്രമായി 5 ഭാഷകളിൽ പുറത്തിറങ്ങിയ ‘ഫ്രൻഡ്ഷിപ്’, ഗൂഡല്ലൂർ കുടിയിറക്കം പ്രമേയമാക്കിയ ‘ക്യാബിൻ’, ഒടുവിൽ ജിത്തു ജോസഫിന്റെ ‘കൂമൻ’, മലയാളം ചിത്രങ്ങളായ എഡി 19, ആസിഡ് തുടങ്ങി 7 ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
10 വർഷം മുൻപാണ് ബോഡി ബിൽഡിങ്ങിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചത്. 3 മാസത്തെ കഠിന പരിശീലനത്തിനൊടുവിലാണ് ഇത്തവണ സ്വപ്നം യാഥാർഥ്യമാക്കിയത്. കോഴിക്കോട്ട് സ്വകാര്യ ഹോട്ടലിലെ ജനറൽ മാനേജറായി ജോലി ചെയ്യുന്നതിനൊപ്പമാണ് ആരോഗ്യകാര്യത്തിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നത്. വീട്ടിൽ സ്വന്തമായി ജിം ഉണ്ട്. ഭാര്യ വി.പി.റിസാന മക്കരപ്പറമ്പിൽ ജിം ട്രെയിനറാണ്. മകൾ റീമ ഷംസും ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിക്കുന്നുണ്ട്.
സിക്സ് പാക്ക് രഹസ്യം
ചിട്ടയായ വർക്കൗട്ടും ഭക്ഷണക്രമവുമാണ് വിജയരഹസ്യമെന്ന് ഷംസുദ്ദീൻ. രാവിലെ 5ന് എണീറ്റ് 7.30 വരെ വർക്കൗട്ട്. തുടർന്ന് 5 മുട്ടയുടെ വെള്ള, ഓട്സ്, മധുരമില്ലാത്ത കട്ടൻ കാപ്പി എന്നിവ പ്രാതൽ. ഉച്ചയ്ക്ക് ചിക്കൻ പുഴുങ്ങിയതും പച്ചക്കറിയും. വൈകിട്ട് 5.30 മുതൽ 7 വരെ വീണ്ടും വർക്കൗട്ട്. രാത്രി റാഗി തുടങ്ങിയവ കഴിക്കും. രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഉറക്കവും നിർബന്ധം.