പത്മജയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ബോർഡിൽ കെ.കരുണാകരന്റെ ചിത്രവും
Mail This Article
നിലമ്പൂർ∙ പത്മജ വേണുഗോപാലിനെ പാർട്ടിയിലേക്ക് സ്വാഗതംചെയ്ത് ബിജെപി മുനിസിപ്പൽ കമ്മിറ്റി നഗരത്തിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ കെ.കരുണാകരന്റെ ചിത്രവും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പത്മജ വേണുഗോപാൽ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് കരുണാകരന്റെ ചിത്രവും ചേർത്തത്. ബിജെപിയിൽ ചേർന്ന പത്മജ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് വയനാട് മണ്ഡലത്തിൽപെട്ട നിലമ്പൂരിൽ കരുണാകരന്റെ ചിത്രം ഉൾപ്പെടുത്തി ബിജെപി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്.
പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് ടി.കെ.അശോക് കുമാറിന്റെ നേതൃത്വത്തിൽ ബിജെപി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ ഇന്നലെ രാവിലെയാണ് ബോർഡ് വച്ചത്. ഇതിനെതിരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലോളി മെഹബൂബ് പൊലീസിൽ പരാതി നൽകി. ബിജെപി നേതാക്കളെ പ്രതിഷേധം അറിയിക്കുകയും അരമണിക്കൂറിനകം ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബോർഡ് മാറ്റാൻ ബിജെപി ഭാരവാഹികൾ തയാറാകാതിരുന്നതോടെ കോൺഗ്രസ് പ്രവർത്തകരെത്തി ഫ്ലെക്സ് കീറിയെറിഞ്ഞു. പൊലീസ് സ്ഥലത്തെത്തി.
പത്മജയുടേത് അപമാനകരമായ തീരുമാനം: പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം ∙ പിതാക്കന്മാരുടെ രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന തീരുമാനം മക്കളെടുത്താൽ രാഷ്ട്രീയ കേരളം അതുൾക്കൊള്ളില്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. അച്ഛന്റെ കെയറോഫിൽ മകനോ മകളോ പോകുന്നതിന് വലിയ പ്രാധാന്യം കൽപിക്കേണ്ടതില്ല. പത്മജ വേണുഗോപാൽ ബിജെപിയിൽ പോയത് അപമാനകരമായ തീരുമാനമാണ്.
എന്നാൽ, അതിനെ നേരിടാൻ കോൺഗ്രസെടുത്തത് ധീരമായ തീരുമാനമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാറിവരുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്കനുയോജ്യമായ ധീരമായ തീരുമാനം കോൺഗ്രസ് എടുക്കുമ്പോൾ അതിന്റെ കൂടെനിൽക്കുകയാണ് ലീഗ് ചെയ്യുന്നത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആശയ വിനിമയം നടത്താറുണ്ടെന്നും തീരുമാനം അവരുടേത് മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.