ഒൻപത് വർഷം മുമ്പ് ഓട്ടോ ഓടിക്കാൻ തുടങ്ങി; ഇന്ന് പെരിന്തൽമണ്ണയുടെ സ്വന്തം ഓട്ടോക്കാരി
Mail This Article
പെരിന്തൽമണ്ണ∙ ഒൻപത് വർഷത്തിലേറെയായി അനിതയെന്ന ഓട്ടോക്കാരി പെരിന്തൽമണ്ണക്കാരുടെ മനസ്സ് കീഴടക്കിയിട്ട്. ഓട്ടോ ഡ്രൈവറായിരുന്ന അച്ഛൻ ചാത്തൻകുട്ടിയുടെ പാത പിന്തുടർന്നുകൊണ്ടാണ് പാതായ്‌ക്കര ഗാർഗിലിലെ ചെറിയച്ഛൻ വീട്ടുപടിക്കൽ സി.പി.അനിത(43) ഓട്ടോ ഡ്രൈവറായത്.
പെൺകുട്ടികൾ ഈ രംഗത്തേക്ക് ഒട്ടും കടന്നുവരാതിരുന്ന കാലത്തായിരുന്നു അനിത ലൈസൻസെടുത്ത് ഓട്ടോ ഓടിക്കാൻ തുടങ്ങിയത്. പിന്നെ അനിത പെരിന്തൽമണ്ണക്കാരുടെ സ്വന്തം ഓട്ടോക്കാരിയായി. കോവിഡ് മഹാമാരി നാട്ടിൽ പിടിമുറുക്കിയ കാലത്ത് സേവനസന്നദ്ധയായി രംഗത്തിറങ്ങി.അത്യാവശ്യക്കാർക്കു രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അനിതയെ വിളിക്കാം.
ഓട്ടോകൊണ്ട് മാത്രം ജീവിതം മുന്നോട്ടുപോകില്ലെന്ന തിരിച്ചറിവിൽ പെരിന്തൽമണ്ണയിലെ സമൃദ്ധി ജനകീയ ഹോട്ടലിന്റെ മുന്നണിപ്രവർത്തക കൂടിയാണ് ഇപ്പോൾ. സെക്രട്ടറിയായി മൂന്നുപേരടങ്ങിയ സംഘത്തെ നയിക്കുന്നു. 2 ലക്ഷത്തിനു മുകളിൽ സർക്കാരിൽനിന്ന് സബ്‌സിഡി തുക ഈ ഇനത്തിൽ ലഭിക്കാനുണ്ട്. അതാണ് വലിയ പ്രതിസന്ധി. മുൻപ് സൗഹൃദം എന്ന പേരിൽ ഒരു കേറ്ററിങ് യൂണിറ്റ് നടത്തിയെങ്കിലും കോവിഡ് കാലത്തോടെ അത് നിർത്തി.മകൾ ആതിരയും അനിതയ്‌ക്ക് പിന്തുണയായുണ്ട്. അനിതയുടെ വേറിട്ട സേവനം പരിഗണിച്ച് ഒട്ടേറെ അംഗീകാരങ്ങളും ഇതിനിടെ തേടിയെത്തി.