ADVERTISEMENT

പെരിന്തൽമണ്ണ∙ മൊയ്‌തീൻകുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും എഫ്‌ഐആറിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയും ആശുപത്രിയിൽ ശക്തമായ പ്രതിഷേധം. ഇതേത്തുടർന്ന് പോസ്‌റ്റ്മോർട്ടത്തിനു മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത് ഒരു മണിക്കൂറോളം വൈകി. പ്രതിഷേധക്കാർ പൊലീസിനു നേരെ കയർത്തു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് രാവിലെ ജില്ലാ പൊലീസ് മേധാവി ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ കുടുംബാംഗങ്ങളും നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചെങ്കിലും ഇവർ തൃപ്തരായില്ല.പിന്നീട് എഫ്‌ഐആറിലെ പൊരുത്തക്കേട് വലിയ പ്രതിഷേധത്തിന് ഇടയാക്കി.




എഫ്‌ഐആറിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ആളുകൾ പ്രതിഷേധിച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ആശുപത്രിയിൽനിന്ന് മടങ്ങാനൊരുങ്ങിയ സബ് കലക്‌ടർ അപൂർവ തൃപാദിയുടെ വഴിതടഞ്ഞ് കുത്തിയിരിക്കുന്നവർ.
എഫ്‌ഐആറിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ആളുകൾ പ്രതിഷേധിച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ആശുപത്രിയിൽനിന്ന് മടങ്ങാനൊരുങ്ങിയ സബ് കലക്‌ടർ അപൂർവ തൃപാദിയുടെ വഴിതടഞ്ഞ് കുത്തിയിരിക്കുന്നവർ.

സ്‌റ്റേഷനിൽ ഹാജരായ മൊയ്‌തീൻകുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചുവെന്ന വരിയാണ് പ്രതിഷേധത്തിനിടയാക്കിയത്. ഹാജരായതല്ലെന്നും പൊലീസ് വിളിച്ചുവരുത്തിയതാണെന്നും പൊലീസിന്റെ മർദനമേറ്റ കാര്യം എഫ്‌ഐആറിൽ രേഖപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. അതിനു ശേഷമേ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനു കൊണ്ടുപോകാൻ അനുവദിക്കൂ എന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഇൻക്വസ്റ്റ് നടപടികൾക്കു നേതൃത്വം നൽകിയിരുന്ന പെരിന്തൽമണ്ണ സബ് കലക്‌ടർ അപൂർവ തൃപാദി ഓഫിസിലേക്കു മടങ്ങാനൊരുങ്ങിയെങ്കിലും ആളുകൾ തടഞ്ഞു. ചിലർ ഇൻക്വസ്റ്റ്  മുറിയുടെ വാതിലിനു മുന്നിൽ കുത്തിയിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ജില്ലാ പൊലീസ് മേധാവിയുമായി ഫോണിൽ സംസാരിച്ച ശേഷം അദ്ദേഹത്തിന്റെയും സബ് കലക്‌ടറുടെയും ഉറപ്പു ലഭിച്ചതോടെയാണ് പ്രവർത്തകരെയും നാട്ടുകാരെയും അനുനയിപ്പിച്ച് ശാന്തരാക്കിയത്. ഉച്ചയ്‌ക്ക് ഒന്നരയോടെ മൃതദേഹം മഞ്ചേരിയിലേക്ക് കൊണ്ടുപോയി. പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.കെ.സജീവിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സംഘം ആശുപത്രി പരിസരത്തു നിലയുറപ്പിച്ചിരുന്നു.

സംഭവം സംബന്ധിച്ച് എഫ്‌ഐആറിൽ പറയുന്നത്: രണ്ടു കൂട്ടർ തമ്മിൽ കടമ്പോട് അങ്ങാടിക്കു സമീപം സംഘർഷമുണ്ടായി. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു മുൻകരുതലെന്ന നിലയിൽ ഇരു കൂട്ടരെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി. വൈകിട്ട് അഞ്ചോടെ ഇവർ സ്‌റ്റേഷനിൽ ഹാജരായി. മൊയ്‌തീൻകുട്ടി 5.20ന് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി.

മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
യുവാവിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മരണത്തിനു കാരണമായേക്കാവുന്ന മുറിവുകളോ, ചതവുകളോ ഇല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കാനുമുണ്ട്. 

കൂടെയുണ്ടായിരുന്ന പഞ്ചായത്തംഗം ചികിത്സ തേടി
മൊയ്തീൻകുട്ടിയുടെ മരണവാർത്തയറിഞ്ഞു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പഞ്ചായത്തംഗം ജോജോ മാത്യു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടി. ജോജോ മാത്യു മൊയ്‌തീൻകുട്ടിക്കും ഷമീറലിക്കും ഒപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയിരുന്നതാണ്. ഇരുവർക്കും സ്‌റ്റേഷനിലെ അടച്ചിട്ട മുറിയിൽ മർദനമേറ്റെന്ന് ജോജോ മാത്യു പറഞ്ഞു. 

മർദിക്കുന്ന ശബ്ദം കേട്ടു: കോൺഗ്രസ് നേതാവ്
മൊയ്‌തീൻകുട്ടിയെയും ഷമീറലിയെയും പൊലീസ് സ്‌റ്റേഷനകത്തേക്ക് കൊണ്ടുപോയ ശേഷം മർദിക്കുന്ന ശബ്‌ദം കേട്ടതായി കൂടെപ്പോയിരുന്ന കോൺഗ്രസ് ആനക്കയം മുൻ മണ്ഡലം പ്രസിഡന്റ് സലീം ഹാജി. ‘അവരോടൊപ്പം ഞാനും പഞ്ചായത്തംഗം ജോജോ മാത്യുവും  സ്റ്റേഷനിൽ‌ എത്തിയിരുന്നു. ഷമീറലിയെയും മൊയ്തീൻകുട്ടിയെയും പൊലീസ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. മർദിക്കുന്ന ശബ്ദം കേട്ടു. 

പിന്നീട് മൊയ്‌തീൻകുട്ടിക്ക് ഒരു ഗ്ലാസ് ചായ വേണമെന്ന വിവരമാണ് കിട്ടിയത്. എന്തോ സംഭവിച്ചതായി മനസ്സിലാക്കി ഉള്ളിലേക്ക് ഓടിക്കയറിച്ചെന്നപ്പോൾ അർധബോധാവസ്ഥയിൽ അനക്കമില്ലാതെ മൊയ്തീൻ‌കുട്ടി വരാന്തയിൽ കുഴഞ്ഞിരിക്കുകയാണ്. ഉടൻ തന്നെ പൊലീസ് ജീപ്പിൽ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ ഇസിജിയും രക്തപരിശോധനയും നടത്തി. ഹൃദയത്തിനു തകരാറ് കണ്ടെത്തിയതോടെ ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com