റെയിൽവേയുടെ മണ്ണുമാന്തൽ; വീട്ടിലേക്കുള്ള വഴി പോയി, മണ്ണിടിച്ചിൽ ഭീഷണിയും
Mail This Article
തിരുനാവായ ∙ റെയിൽവേയുടെ മണ്ണുമാന്തൽ ഇല്ലാതാക്കിയത് അൻപതോളം വീടുകളിലേക്കുള്ള വഴിയും ഉണ്ടാക്കിയത് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയും. തിരുനാവായ സൗത്ത് പല്ലാർ ചൂണ്ടിക്കൽ മേഖലയിലാണ് ദുരിതം. ഇവിടെ പുതിയ പാത ഒരുക്കുന്നതിനും അഴുക്കുചാൽ നിർമിക്കുന്നതിനുമാണ് റെയിൽവേ മണ്ണു മാന്തുന്നത്. താഴ്ത്തി മണ്ണെടുത്തതോടെയാണ് വഴി നഷ്ടപ്പെട്ടത്. പാതയുടെ വടക്കുഭാഗമായ ചൂണ്ടിക്കൽ വഴിയാണ് ഈ ഭാഗത്തുള്ളവരെല്ലാം സ്കൂൾ, ആശുപത്രി, റേഷൻ കടകൾ, ദേവാലയങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം പോകുന്നത്.
ഈ മേഖലയിൽ റെയിൽവേയുടെ അതിർത്തിയോടു ചേർന്നാണ് പല വീടുകളുടെയും തറകളും കിണറുകളും സെപ്റ്റിക് ടാങ്കുകളും മതിലുകളുമെല്ലാമുള്ളത്. താഴ്ത്തി മണ്ണെടുക്കുന്നത് ഇവയ്ക്കെല്ലാം കേടുണ്ടാക്കാൻ ഇടയുണ്ട്. കൂടാതെ ട്രെയിനുകളുടെ വേഗത്തിലുള്ള പോക്കുമൂലമുണ്ടാകുന്ന കുലുക്കത്തിൽ മണ്ണിളകി വീണ് അപകടമുണ്ടാക്കാനും സാധ്യതയുണ്ട്. ഇത്തരത്തിൽ മണ്ണെടുപ്പ് നടക്കുന്നതിനാൽ മഴക്കാലത്ത് മണ്ണൊലിപ്പ് ഭീഷണിയുമുണ്ടാകുമെന്ന ആശങ്കയുണ്ട്.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോടു ചേർന്നുള്ള മണ്ണ് എടുക്കരുതെന്ന് പ്രദേശവാസികൾ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. മണ്ണെടുത്ത സ്ഥലത്ത് കോൺക്രീറ്റ് ചെയ്ത് മണ്ണൊലിപ്പ് തടയാനുള്ള നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതൊന്നും റെയിൽവേ ഗൗനിച്ചിട്ടില്ല. ഈ പ്രദേശത്ത് ഇനിയുമേറെ മണ്ണെടുക്കാനുണ്ട്.
ഇതോടെ ഈ പ്രദേശമാകെ ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിയുണ്ട്. തിരുനാവായ, തലക്കാട് വില്ലേജുകളിൽപെടുന്ന ഈ പ്രദേശത്ത് മുപ്പതിനായിരത്തിലേറെ പേർ താമസിക്കുന്നുണ്ട്.റെയിൽവേയുടെ നടപടിക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എംപി, എംഎൽഎ എന്നിവർക്ക് നിവേദനം നൽകി.