ADVERTISEMENT

വർഷങ്ങൾക്കു മുൻപ് താരങ്ങളുടെ ഗൾഫ് ഷോ. സംഘത്തിൽ മമ്മൂട്ടിയും ശ്രീനിവാസനും കുഞ്ചാക്കോ ബോബനുമെല്ലാമുണ്ട്. യാത്ര തിരിക്കും മുൻപ് മമ്മൂട്ടിയുടെ നിർബന്ധപ്രകാരം ഒരാളെക്കൂടി സംഘത്തിൽ ചേർത്തു. നിലമ്പൂർ ഷാജി. ആ പേര് കേൾക്കാത്തവർക്കു പോലും പതിറ്റാണ്ടുകൾക്കു മുൻപ് അദ്ദേഹം പാടിയ ഒരു പാട്ട് ചിരപരിചിതമാണ്. 1979ൽ പുറത്തിറങ്ങിയ ‘പതിനാലാം രാവ്’ എന്ന സിനിമയിലെ ‘അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുആ ചെയ്ത് കരം മൊത്തീ തെളിന്ത് റബ്ബേ’.ആ പാട്ടിനോടുള്ള ഇഷ്ടം കാരണമാണ് മമ്മൂട്ടി ഗായകനെ ഗൾഫ് ഷോയിൽ ഒപ്പം കൂട്ടണമെന്ന് നിർബന്ധിച്ചത്.ഷാജിയെ കാണുമ്പോഴെല്ലാം ഈ പാട്ടു പാടിക്കാനും മലയാളത്തിന്റെ മഹാനടൻ മറക്കാറില്ല.

പാട്ടിന്റെ പാരമ്പര്യം
തിരുവനന്തപുരത്തുനിന്ന് നിലമ്പൂരിലേക്ക് താമസം മാറിയെത്തിയവരാണ് ഷാജിയുടെ (62) കുടുംബം. സ്വാതന്ത്ര്യസമര സേനാനിയും കവിയും ചിത്രകാരനുമായിരുന്ന പിതാവ് മൗലാന സയ്യിദ് ജലാലുദ്ദീനായിരുന്നു ആദ്യ ഗുരു. കത്തു പാട്ടുകളിലൂടെ കേരളത്തിന്റെ മനം കവർന്ന എസ്.എ.ജമീൽ സഹോദരനാണ്. മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ വിജയിച്ചതോടെയാണ് സിനിമയിലേക്ക് അവസരം തുറന്നത്.

ആദ്യമായി സിനിമാ റെക്കോർഡിങ് മുറിയിലേക്കു ചെന്നപ്പോൾ അവിടെ യേശുദാസും ജയചന്ദ്രനും ബ്രഹ്മാനന്ദനുമെല്ലാമുണ്ട്. അവർക്കു മുന്നിലിരുന്നാണ്, പൂവച്ചൽ ഖാദർ എഴുതി, കെ.രാഘവൻ ഈണമിട്ട ‘അഹദോന്റെ തിരുനാമം’ പാടിയത്. ആദ്യ ടേക്കിൽ സംഗതി ഒകെ. അഭിനന്ദനവുമായി വന്നവരുടെ കൂട്ടത്തിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറുമുണ്ടായിരുന്നു. സയ്യിദ് മുഹമ്മദ് ജമാലുദ്ദീൻ ഷാജഹാൻ എന്ന പേര് നിലമ്പൂർ ഷാജി എന്നാക്കി മാറ്റിയത് അദ്ദേഹമാണ്.

ഗാനമേളകളിലെ താരം
‘സീതപക്ഷി’, ‘ഉത്തമ’,‘അനുരാഗി’,‘അനന്തപുരി’ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടിയും ഷാജി പാടിയെങ്കിലും പിന്നീട് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ, ഗാനമേള വേദികളിലെ സൂപ്പർ താരപദവി അദ്ദേഹത്തിനു ലഭിച്ചു.  ഇരുപതിലേറെ കലാകാരൻമാരെ ഉൾപ്പെടുത്തി തുടങ്ങിയ ‘ഷാജീസ് ഓർക്കസ്ട്ര’ ലോകത്തിന്റെ എല്ലാ ഭാഗത്തും സംഗീത പരിപാടിയവതരിപ്പിച്ചു.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം മാത്രം 5 തവണ വിദേശയാത്ര നടത്തി. സിനിമാപാട്ടുകൾ, ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, അറബിപാട്ടുകൾ, ഹിന്ദി ഗാനങ്ങൾ എല്ലാം നന്നായി വഴങ്ങും. കോഴിക്കോട് ആകാശവാണി, ചെന്നൈ ദൂരദർശൻ, എച്ച്എംവി എന്നിവിടങ്ങളിലും എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു.ഗായകൻ എന്നതിനൊപ്പം ഗാനരചയിതാവും ചിത്രകാരനുമായ ഷാജി നിലമ്പൂർ പുളിക്കലോടിയിലാണ് താമസം. ഭാര്യ: ഷക്കീല. മക്കൾ: ജസിയ മൗലാന, സുമയ്യ മൗലാന, സബീൽ മൗലാന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com