ജനശതാബ്ദിക്ക് സ്റ്റോപ്പുണ്ടായിട്ടും കോഴിക്കോട്ടേക്ക് ടിക്കറ്റില്ല; മലപ്പുറത്തോട് അവഗണന
Mail This Article
തിരൂർ ∙ നിർത്തുന്ന ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കാതെയും ജില്ലയോട് റെയിൽവേയുടെ അവഗണന. തിരുവനന്തപുരത്തു നിന്ന് തിരൂരിൽ ഉച്ചയ്ക്കെത്തുന്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിനാണ് സ്റ്റോപ്പുണ്ടായിട്ടും കോഴിക്കോട്ടേക്ക് ടിക്കറ്റ് നൽകാതെ വർഷങ്ങളായി റെയിൽവേ അവഗണന തുടരുന്നത്. ഉച്ചയ്ക്ക് 12.06ന് തിരൂരിലെത്തുന്ന ജനശതാബ്ദി ട്രെയിനിന് കോഴിക്കോട്ടേയ്ക്കു നിരവധി യാത്രക്കാരുണ്ടെങ്കിലും ടിക്കറ്റ് നൽകാത്തത് റെയിൽവേക്ക് നഷ്ടമുണ്ടാക്കുന്നുണ്ട്.
മറ്റു ട്രെയിനിന് ടിക്കറ്റെടുത്ത് യാത്രക്കാർ അറിയാതെ കയറിയാൽ പരിശോധകർ വൻ തുക പിഴ ഈടാക്കുന്ന അവസ്ഥയാണ്. തിരൂരിൽ എത്തുന്ന ജനശതാബ്ദി ട്രെയിൻ ആളൊഴിഞ്ഞ മിക്ക ബോഗികളുമായാണു മിക്ക സമയങ്ങളിലും കോഴിക്കോട്ടേയ്ക്കു യാത്ര തുടരുന്നത്. എന്നിട്ടും ടിക്കറ്റ് നൽകാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. 12.06ന് ഈ ട്രെയിൻ പോയാൽ പിന്നെ ഒന്നര മണിക്കൂർ കഴിഞ്ഞാണ് കോഴിക്കോട്ടേക്ക് മറ്റൊരു ട്രെയിനുള്ളത്. മുപ്പതോളം ട്രെയിനുകളാണ് ജില്ലയിൽ എവിടെയും നിർത്താതെ പോകുന്നത്.