ADVERTISEMENT

തേഞ്ഞിപ്പലം∙ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് തേഞ്ഞിപ്പലം പഞ്ചായത്ത് ഉപയോഗിക്കുന്ന, വ്യവസായകേന്ദ്രത്തിന്റെ 2 കെട്ടിടങ്ങളിൽ വൻ തീപിടിത്തം. ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ, ശേഖരിച്ചുവച്ചിരുന്ന 15 ടൺ അജൈവ മാലിന്യത്തിൽ പകുതിയിലേറെ കത്തിനശിച്ചു. 5 മുറികളുള്ള കെട്ടിടം പൊളിച്ച ശേഷമാണ് തീ പൂർണമായും അണച്ചത്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തീകൊടുത്തതാണെന്നു സംശയിക്കുന്നതായും ഇന്ന് പൊലീസിൽ പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് പറഞ്ഞു. വ്യവസായകേന്ദ്രം കെട്ടിടങ്ങളിൽനിന്ന് തീ പടരുന്നതായി പുലർച്ചെ 1.30ന് വാർഡ് മെംബർ പി.വി.ജാഫർ സിദ്ദീഖിനെ ഒരു യുവാവ് വിളിച്ചറിയിക്കുകയായിരുന്നു. ജാഫർ എത്തുമ്പോൾ കെട്ടിടങ്ങളിലെ പ്ലാസ്റ്റിക് കത്തി പ്രദേശമാകെ തീച്ചൂടിലായിക്കഴിഞ്ഞിരുന്നു. 

വ്യവസായകേന്ദ്രം കെട്ടിടസമുച്ചയത്തിൽ ഇന്നലെ പുലർച്ചെ 
തീ പടർ‌ന്നപ്പോൾ. പുലർച്ചെ 2.30ന് മീഞ്ചന്ത അഗ്നിരക്ഷാ സേനാംഗം പകർത്തിയ ചിത്രം.
വ്യവസായകേന്ദ്രം കെട്ടിടസമുച്ചയത്തിൽ ഇന്നലെ പുലർച്ചെ തീ പടർ‌ന്നപ്പോൾ. പുലർച്ചെ 2.30ന് മീഞ്ചന്ത അഗ്നിരക്ഷാ സേനാംഗം പകർത്തിയ ചിത്രം.

ജാഫർ അറിയിച്ചതിനെ തുടർന്ന് കോഴിക്കോട് മീഞ്ചന്തയിൽനിന്ന് 2 യൂണിറ്റ് അഗ്നിരക്ഷാ സേന പുലർച്ചെ 2.30ന് എത്തി. പിന്നാലെ താനൂരിൽനിന്ന് ഒരു യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളും എത്തി. വണ്ടിയിൽ കരുതിയ വെള്ളം തീർന്നതിനെത്തുടർന്ന് പിന്നീട് പലപ്പോഴായി നീരോ‍ൽപാലം തോട്ടിൽനിന്ന് ഒരു ലക്ഷം ലീറ്റർ വെള്ളം കൂടി എത്തിച്ച് തീ അണയ്ക്കൽ തുടരുകയായിരുന്നു. രാവിലെ മലപ്പുറത്തുനിന്നും ഒരു യൂണിറ്റ് അഗ്നിരക്ഷാ സേനയെ എത്തിച്ചു. 

പമ്പിങ് തുടർന്നിട്ടും തീ പൂർണമായും അണയ്ക്കാൻ കഴിയാതെയാണ് കെട്ടിടങ്ങളിലൊന്ന് പൊളിച്ചത്. ഇന്നലെ പകലും തീയണയ്ക്കൽ തുടർന്നു. 2002ൽ നിർമിച്ച കെട്ടിടമാണിത്. ഇവിടെ പ്ലാസ്റ്റിക് മാലിന്യം നിറയ്ക്കുന്നതിനെതിരെ കഴിഞ്ഞ വർഷം സമരമുണ്ടായിരുന്നു. എന്നാൽ, പ്ലാസ്റ്റിക് അധികകാലം സൂക്ഷിക്കാതെ പുനരുൽപാദന ശാലയ്ക്കു കൈമാറുമെന്ന ഉറപ്പിനെത്തുടർന്ന് സമരക്കാർ പിന്മാറുകയായിരുന്നു.  

പരിസരത്തുനിന്ന് തീപ്പെട്ടി കണ്ടെടുത്തതും നിശ്ചിത അകലത്തിലുള്ള 2 കെട്ടിടങ്ങൾ ഒരേ സമയം കത്തിയതുമാണ് തീപിടിത്തം ആസൂത്രിതമാണെന്ന നിഗമനത്തിന് അടിസ്ഥാനം. ഷോർട് സർക്യൂട്ട് ആയിരുന്നെങ്കിൽ ഒരു കെട്ടിടമേ കത്തുമായിരുന്നുള്ളു. വൈദ്യുതി കണക്‌ഷൻ ലഭിക്കാത്ത കെട്ടിടവും കത്തിയത് സംശയം ബലപ്പെടുത്തുന്നു. 4 സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും 3 ക്യാമറകളും ഹാർഡ് ഡിസ്കുകളും കത്തിപ്പോയി. ശേഷിച്ച ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങൾ ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com