3 പതിറ്റാണ്ടിന്റെ വിജയക്കുതിപ്പിൽ വട്ടംകുളം ടെക്നിക്കൽ സ്കൂൾ
Mail This Article
എടപ്പാൾ ∙ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുത്തൻ വിജയഗാഥ രചിച്ച് വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ മൂന്നു പതിറ്റാണ്ടിന്റെ വിജയത്തിളക്കത്തിൽ മുന്നേറുന്നു. 1993ൽ ഐഎച്ച്ആർഡിക്കു കീഴിൽ വട്ടംകുളം പഞ്ചായത്തിലെ നെല്ലിശ്ശേരി ഗ്രാമത്തിൽ ആരംഭിച്ച ഈ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ.എട്ടാം ക്ലാസ് മുതൽ കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എന്നീ സാങ്കേതിക വിഷയങ്ങൾ പഠനമാധ്യമമായി തുടക്കം കുറിച്ച സ്കൂളിൽ പിന്നീട് ബയോളജി കൂടി ഉൾപ്പെടുത്തിയതോടെ സാങ്കേതിക വിഷയങ്ങൾക്കൊപ്പം ബയോളജി കൂടി പഠിക്കാവുന്ന പൊന്നാനി, തിരൂർ താലൂക്കുകളിലെ ഏക സാങ്കേതിക വിദ്യാലയമെന്ന ഖ്യാതിയും സ്വന്തമാക്കി.
ഇലക്ട്രോണിക്സ്, കംപ്യൂട്ടർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്കൽ സയൻസ്, ബയോളജി, കംപ്യൂട്ടർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഇന്റഗ്രേറ്റഡ് സയൻസ് എന്നീ രണ്ടു ഗ്രൂപ്പുകളുണ്ട്. ഇന്റഗ്രേറ്റഡ് സയൻസ് (ബയോളജി) ഗ്രൂപ്പിൽ പ്ലസ്ടു വിജയിക്കുന്നവർക്ക് മെഡിക്കൽ അനുബന്ധ കോഴ്സുകളോ, എൻജിനീയറിങ്ങോ പഠിക്കാം. എട്ടാം ക്ലാസിൽ ചേരുന്ന കുട്ടിക്ക് പത്താം ക്ലാസ് വരെ കലാ– കായിക –ശാസ്ത്ര മേളകളിൽ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയാൽ നേരിട്ട് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം.
ടിഎച്ച്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയ സ്ഥാപനം സംസ്ഥാന എൻജിനീയറിങ് പൊതു പ്രവേശനപരീക്ഷയിലും ഒന്നാം റാങ്ക് നേടിയത് പോയ കാലത്തെ നേട്ടങ്ങളുടെ പട്ടികയിൽ ഇന്നും മായാതെ നിലകൊള്ളുന്നു. പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ഏക വിദ്യാലയം എന്ന പെരുമയും സുവർണ നേട്ടമാണ്.
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലാമേളയിൽ തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാലയമെന്ന പേരും വട്ടംകുളം ടിഎച്ച്എസ്എസിനു സ്വന്തം. എൻട്രൻസ് പരീക്ഷയിലൂടെ എട്ടാം ക്ലാസിലേക്ക് പ്രവേശനം നടത്തുമ്പോൾ, പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺ പ്രവേശനം.
എട്ടാം ക്ലാസിലേക്ക് ഇപ്പോൾ പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷ ഫോമുകൾ സ്കൂളിൽ നിന്നും നേരിട്ട് ലഭിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവയുമായി വന്നാൽ ഫോറം പൂരിപ്പിച്ചു നൽകാനാവും. വിശദ വിവരങ്ങൾക്ക് 8547005012, 9188471498, 0494 –2681498 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.