ADVERTISEMENT

പുറത്തൂർ ∙ മഹാകവിയുടെ സ്മാരകമായി 4 വർഷങ്ങൾക്കു മുൻപ് ജന്മനാട്ടിൽ പ്രഖ്യാപിച്ച പുഴയോരം പൂങ്കാവനത്തിന്റെ തുടങ്ങി വച്ച നിർമാണം പോലും ഇതുവരെ പൂർത്തിയാക്കാനാകാതെ പഞ്ചായത്ത്. മംഗലം ചേന്നര പെരുന്തിരുത്തിയിലെ തൂക്കുപാലത്തിനടുത്ത് തിരൂർ പുഴയുടെ തീരത്ത് മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സ്മാരകമായി പുഴയോരം പൂങ്കാവനം നിർമിക്കാൻ 2020 സെപ്റ്റംബറിലാണ് മംഗലം പഞ്ചായത്ത് തീരുമാനമെടുത്തത്.

1878 ഒക്ടോബർ 16ന് ചേന്നരയിലെ വള്ളത്തോൾ കൊണ്ടയൂർ തറവാട്ടിലാണ് കവി ജനിച്ചത്. ഇതിനടുത്ത് പെരുന്തിരുത്തിയിൽ, മഹാകവിയുടെ പല കവിതകൾക്കും പശ്ചാത്തലമായിട്ടുള്ള തിരൂർ പുഴയുടെ വക്കിൽ സ്മാരകമുണ്ടാക്കാൻ മുട്ടനൂരിലെ പൊതുപ്രവർത്തകനായ സലാം പൂതേരി സൗജന്യമായി സ്ഥലം വിട്ടു നൽകുകയും ചെയ്തു. തുടക്കത്തിൽ സ്മാരകമുണ്ടാക്കാൻ പഞ്ചായത്ത് 14 ലക്ഷം രൂപ വകയിരുത്തി. നിർമിതി കേന്ദ്രയ്ക്ക് നിർമാണച്ചുമതലയും കൈമാറി. 

കവിതാ സ്തൂപം, ഓപ്പൺ വായനശാല, ആംഫി തിയറ്റർ, ചിത്രശാല, അലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ, ഹട്ടുകൾ എന്നിവ സ്ഥാപിക്കാനും തീരുമാനിച്ചു. സായാഹ്ന സവാരിക്കാർക്കുള്ള സൗകര്യമുണ്ടാക്കാനും പദ്ധതിയുണ്ടായിരുന്നു. നിർമാണമേറ്റെടുത്ത നിർമിതി കേന്ദ്ര സ്ഥലത്തിനു ചുറ്റും അതിരു കെട്ടുന്ന പണി തുടങ്ങി. എന്നാൽ ഇവിടേക്ക് നിർമാണ സാമഗ്രികൾ എത്തിക്കാൻ ചില തടസ്സങ്ങളുണ്ടായതോടെ പണി നിലച്ചു. ഇതോടെ മഹാകവിയുടെ സ്മാരകം കടലാസിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. ഇത് പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കവിയുടെ ജന്മദിനമായ ഒക്ടോബർ 15നു മുൻപ് നിർമാണം തുടങ്ങണമെന്ന് കവിയെ സ്നേഹിക്കുന്നവർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com