സമദാനി തൊപ്പി മാറ്റിയപ്പോൾ അപരൻ തൊപ്പിവച്ചു; പത്രികയെച്ചൊല്ലി തർക്കം, ഒടുവിൽ..
Mail This Article
മലപ്പുറം ∙ സ്ഥിരം തൊപ്പി വയ്ക്കുന്ന എം.പി.അബ്ദുസ്സമദ് സമദാനി തിരഞ്ഞെടുപ്പു മാർഗനിർദേശപ്രകാരം നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയത് തൊപ്പി വയ്ക്കാത്ത ചിത്രം. എന്നാൽ, പൊന്നാനി മണ്ഡലത്തിൽ അദ്ദേഹത്തിന്റെ അപരനായി നിൽക്കുന്ന അബ്ദുസ്സമദ് പത്രികയ്ക്കൊപ്പം നൽകിയത് തൊപ്പിവച്ച ചിത്രം. ഇതേച്ചൊല്ലി സൂക്ഷ്മ പരിശോധനയ്ക്കിടെ നടന്നത് ഒരു മണിക്കൂറോളം നീണ്ട വാദം. ഒടുവിൽ വരണാധികാരി എഡിഎം പത്രിക സ്വീകരിച്ചു. കാരണം പറഞ്ഞത് തിരഞ്ഞെടുപ്പു മാർഗനിർദേശങ്ങളിൽ തൊപ്പി പോലുള്ളവ വയ്ക്കരുതെന്നു പറയുന്നുണ്ടെങ്കിലും പത്രിക തള്ളാനുള്ള കാരണങ്ങളിൽ അത് വ്യക്തമാക്കുന്നില്ലെന്ന്.
പൊന്നാനി മണ്ഡലത്തിൽ ഏറ്റവും ഒടുവിലായാണ് ‘സ്വതന്ത്ര സ്ഥാനാർഥി’ അബ്ദുസ്സമദിന്റെ പത്രിക പരിഗണിച്ചത്. എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയുടെ അപരൻ ഹംസ കടവണ്ടിയുടെ ഏജന്റായി എത്തിയ കെ.കെ.നാസർ ആണ് വിഷയം ഉന്നയിച്ചത്. യുഡിഎഫ് ഏജന്റും പിന്തുണച്ചു. അബ്ദുസ്സമദിനു വേണ്ടി എൽഡിഎഫ് ഏജന്റും രംഗത്തുവന്നു. തുടർന്നാണ് നീണ്ട വാദപ്രതിവാദമുണ്ടായത്. ഒടുവിൽ പത്രിക തള്ളാനുള്ള കാരണങ്ങൾ വായിച്ച് അതിൽ ഇപ്പറഞ്ഞത് കാരണമല്ലെന്ന് വ്യക്തമാക്കി വരണാധികാരി പത്രിക സ്വീകരിക്കുകയായിരുന്നു.