നാമനിർദേശ പത്രികകളിൽ ഫസലുദ്ദീന്റെ ‘കൈപ്പുണ്യ’ത്തിന് 33 വർഷം
Mail This Article
മലപ്പുറം ∙ മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീറിന്റെ നാമനിർദേശ പത്രിക വരണാധികാരി സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുമ്പോൾ നെഞ്ചിടിപ്പു മൊത്തം മുന്നിലിരിക്കുകയായിരുന്ന തിരൂർ മുത്തൂർ സ്വദേശി കെ.പി.സയ്യിദ് ഫസലുദ്ദീന് (62) ആയിരുന്നു. ഇ.ടി.യുടെ ഏജന്റായി എത്തിയതുകൊണ്ടു മാത്രമല്ല, ആ നാമനിർദേശ പത്രിക തയാറാക്കിയതും അദ്ദേഹമായിരുന്നു. 1991 മുതൽ ഇന്നലെ വരെ 33 വർഷമായി ഇ.ടി. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം നാമനിർദേശപത്രിക തയാറാക്കിയത് ഫസലുദ്ദീനായിരുന്നു എന്ന കൗതുകവുമുണ്ട്.
തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഓഫിസ് സെക്രട്ടറിയായിരിക്കെയാണ് ആദ്യമായി നാമനിർദേശ പത്രിക തയാറാക്കുന്നത്. ആ വർഷം തന്നെ ലോക്സഭയിലേക്ക് ഇബ്രാഹിം സുലൈമാൻ സേട്ടിനും പിന്നീട് ജി.എം.ബനാത്ത് വാലയ്ക്കും ഇ.അഹമ്മദിനും വേണ്ടിയും പത്രിക തയാറാക്കി. നിയമസഭയിലേക്കു മത്സരിച്ച കെ.പി.എ.മജീദ്, പി.ഉബൈദുല്ല, കെ.എൻ.എ.ഖാദർ തുടങ്ങി ഒട്ടേറെ ലീഗ് സ്ഥാനാർഥികൾക്കും അദ്ദേഹം പത്രിക തയാറാക്കി നൽകി. പിന്നീട് ഭാര്യ ഖദീജയ്ക്കു വേണ്ടിയും തനിക്കുവേണ്ടിത്തന്നെയും പത്രിക തയാറാക്കാനുള്ള ഭാഗ്യവും ലഭിച്ചു. 1995ലും 2000ലും നഗരസഭയിലേക്ക് മത്സരിച്ചപ്പോഴായിരുന്നു ഇത്. പ്രധാന സ്ഥാനാർഥികൾക്കു വേണ്ടി തയാറാക്കിയ ഒറ്റ പത്രികയും ഇതുവരെ തള്ളിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.