പൊന്നാനി ടൂറിസം പദ്ധതികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം
Mail This Article
പൊന്നാനി ∙ മറൈൻ മ്യൂസിയവും നിളാ സംഗ്രഹാലയവും ഉൾപ്പെടുന്ന ടൂറിസം പദ്ധതികൾ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ സർക്കാർ നീക്കം. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം വിളിച്ചു ചേർത്ത നിക്ഷേപകരുടെ യോഗത്തിനു പിന്നാലെയാണ് സർക്കാർ തുടർ നടപടികളിലേക്കു നീങ്ങുന്നത്. പൊന്നാനിയിലെ ടൂറിസം പദ്ധതികളുടെയെല്ലാം നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു കൈമാറാനാണ് ആലോചന. ബിയ്യം ടൂറിസം പ്രദേശവും സ്വകാര്യ പങ്കാളിത്തത്തോടെ സജീവമാക്കും.
മറൈൻ മ്യൂസിയത്തിന്റെ അവസാനവട്ട പണികളും നടത്തിപ്പും ഒരുമിച്ചാണ് സ്വകാര്യ മേഖലയ്ക്കു നൽകുക. മ്യൂസിയം സംബന്ധിച്ച് ഒട്ടേറെ അവ്യക്തതകൾ നിലവിലുണ്ടായിരുന്നു. കെട്ടിടവും അനുബന്ധ സംവിധാനങ്ങളും സ്വകാര്യ കമ്പനിക്ക് കൈമാറും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തലത്തിലേക്ക് മ്യൂസിയം ഉയർത്തുന്നതിനുള്ള പദ്ധതി നടപ്പാക്കി നടത്തിപ്പിനായി സ്വകാര്യ മേഖലയ്ക്ക് നിശ്ചിത വർഷത്തേക്ക് കരാർ നൽകും.
ഭാരതപ്പുഴ തുരുത്ത് ടൂറിസം പദ്ധതിയും സമാനമായ രീതിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. വിവിധ പദ്ധതികൾക്കായി സർക്കാർ തലത്തിൽ കോടികൾ ചെലവഴിക്കേണ്ടി വരുന്നതിനാലാണ് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലയിൽ പൊന്നാനിയിൽ മാത്രമായി വലിയ നിക്ഷേപം കൊണ്ടുവരികയാണ് ലക്ഷ്യം. മറൈൻ മ്യൂസിയവും നിളാ സംഗ്രഹാലയവുമെല്ലാം ഒറ്റ ടെൻഡറിൽ നടപ്പാക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.