വിഷു എത്തി; വെള്ളരി പാടങ്ങളിൽ വിളവെടുപ്പ്
Mail This Article
പെരിന്തൽമണ്ണ ∙ വിഷുവിനെ വരവേൽക്കാൻ ജില്ലയുടെ കണിവെള്ളരിപ്പാടങ്ങളൊരുങ്ങി. കൊയ്‌തൊഴിഞ്ഞ വയലുകളിലെ വെള്ളരിപ്പാടങ്ങളിൽ വിളവെടുപ്പുത്സവമായി. വിലകുറവായതും കൃഷിനാശവും മൂലം പലയിടത്തും ആശങ്കയോടെയാണ് കണിവെള്ളരി വിളവെടുപ്പ്.കഴിഞ്ഞ വർഷം കൂടുതൽ വിളവും വിലയും ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ വെള്ളരിപ്പാടങ്ങളുടെ എണ്ണം കൂടി. കൂടുതൽ കർഷകർ ഈ രംഗത്തേക്കിറങ്ങി. എന്നാൽ ഇത്തവണ കനത്ത ചൂട് കൃഷിക്ക് ഭീഷണിയായി. വിഷു വിപണി ഉണർന്നെങ്കിലും വില കുറവാണ്.
കുറുവ കരിഞ്ചാപ്പാടി, അരിപ്ര, ആലിപ്പറമ്പ്, മണലായ തുടങ്ങിയ ഭാഗങ്ങളിലായി നൂറു കണക്കിന് ഏക്കറുകളിലായി കണിവെള്ളരിയുടെ വിളവെടുപ്പ് ഇന്നലെ മുതൽ തുടങ്ങി. ജില്ലയ്‌ക്ക് പുറമേ കോഴിക്കോട്, തൃശൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലേക്കും ഇവിടെ നിന്നുള്ള കണിവെള്ളരി കയറ്റി അയയ്‌ക്കുന്നുണ്ട്.
അതേ സമയം വെള്ളരിയുടെ വിലക്കുറവും കൃഷിനാശവും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷം 18 മുതൽ 20 രൂപ വരെ വിഷു സീസണിൽ കണിവെള്ളരിക്ക് വിലയുണ്ടായിരുന്നു. ഇപ്പോൾ 10 മുതൽ 14 രൂപവരെ മാത്രം. ചൂടിൽ വെള്ളരിക്ക് വിള്ളൽ ഉൾപ്പെടെയുള്ള നാശങ്ങളുമുണ്ട്.നൂറിലേറെ കർഷകർ ആലിപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ വെള്ളരിക്കൃഷി ചെയ്യുന്നുണ്ട്.