ഗർഭിണിയായ കാട്ടിയെ വേട്ടയാടി മാംസം വിൽപന നടത്തി; ക്ഷേത്ര പൂജാരി ഉൾപ്പെടെ 2 പേർ പിടിയില്
Mail This Article
നിലമ്പൂർ∙ ഗർഭിണിയായ കാട്ടിയെ (ഇന്ത്യൻ വൈൽഡ് ഗോർ) വേട്ടയാടി മാംസം വിൽപന നടത്തിയെന്ന കേസിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ 2 പേർ വനപാലകരുടെ പിടിയിലായി. ചാലിയാർ ഇടിവണ്ണ മങ്ങാട്ടിരി നന്ദൻ (സുനിൽകുമാർ - 50), എടവണ്ണ പന്നിപ്പാറ വികെ പടി അക്കരമ്മൽ ഹംസ (42) എന്നിവരെയാണ് നിലമ്പൂർ റേഞ്ച് ഓഫിസർ കെ.ജി.അൻവർ അറസ്റ്റു ചെയ്തത്.
കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിൽ നിലമ്പൂർ കോവിലകം ഇരുൾക്കുന്ന് നിക്ഷിപ്ത മലവാരത്തിൽ ഇടിച്ചിൽ ഭാഗത്ത് ജനുവരി 8ന് ആണ് സംഭവം. ചോലയിൽ വെള്ളം കുടിക്കാനെത്തിയ കാട്ടിയെ വെടിവച്ചു കൊന്ന് മാംസം എടുത്ത ശേഷം പൂർണ വളർച്ചയെത്തിയ ഭ്രൂണം ഉൾപ്പെടെ വനത്തിൽ കുഴിച്ചിട്ടെന്നാണ് കേസ്. പന്നിക്കൂട്ടം അവശിഷ്ടങ്ങൾ മാന്തി പുറത്തിട്ടതോടെ ജനുവരി 18ന് വനപാലകർ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായി. മാംസം സ്വന്തം ആവശ്യത്തിനെടുത്ത ശേഷം വിൽപന നടത്തിയെന്നാണ് മൊഴി. ഏപ്രിൽ 6ന് അറസ്റ്റു ചെയ്ത പനങ്കയം എടക്കുളങ്ങര ഗോപകുമാർ, എരുമമുണ്ട മുരുകാഞ്ഞരം ജംഷീദ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നന്ദൻ, ഹംസ എന്നിവരുടെ പങ്ക് പുറത്തുവന്നത്. ഇരുവരെയും 10ന് അർധരാത്രി വീട് വളഞ്ഞാണ് പിടികൂടിയത്.
വേട്ടയിലും തുടർന്ന് മാംസം കഷണങ്ങളാക്കുന്നതിലും നന്ദനും ഹംസയും പങ്കെടുത്തെന്നാണ് മൊഴി. കുറ്റകൃത്യത്തിന് ഇരുവരും ഉപയോഗിച്ച ബൈക്കുകൾ, കത്തികൾ, മാംസം പാചകം ചെയ്ത പാത്രങ്ങൾ എന്നിവ കണ്ടെത്താനുണ്ട്. നന്ദൻ എടവണ്ണയ്ക്ക് സമീപം ക്ഷേത്രത്തിലെ പൂജാരിയും ഹംസ ടാപ്പിങ് തൊഴിലാളിയും ആണ്. വെടിവച്ച പത്തൂരാൻ അലി ഒളിവിലാണ്. തോക്ക് കണ്ടെത്തിയിട്ടില്ല.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ഗിരീശൻ, എസ്എഫ്ഒ പി.മാനുക്കുട്ടൻ, സി.എം.സുരേഷ്, ആന്റണി തോമസ്, എ.കെ.രമേശൻ, കെ.സതീഷ് കുമാർ, കെ.എൻ.ഹരീഷ്, കെ.പി.ലോലിത എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നന്ദൻ, ഹംസ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിന് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങും.