34 കോടി സമാഹരിച്ച് റഹീമിനെ രക്ഷിക്കുക; മൊബൈൽ ആപ് ഒരുക്കിയത് മലപ്പുറത്തെ മൂന്നു യുവാക്കൾ
Mail This Article
എടവണ്ണപ്പാറ ∙ ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാനായി ബ്ലഡ് മണിയായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചത് മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കൾ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ് വഴി. തീർത്തും സുതാര്യമായ രീതിയിൽ ക്രൗഡ് ഫണ്ടിങ് നടത്താനായത് ഇവരുടെ കഠിനമായ പ്രയത്നം മൂലമാണ്. സ്കൂൾകാലം മുതൽ ഒരുമിച്ച് പഠിച്ച, ഇലക്ട്രോണിക്സ് എൻജിനീയർമാരായ ആനക്കയം സ്വദേശി ചെറുകപ്പള്ളി ഹാഷിം കിഴിശ്ശേരി, പേരാപുറത്ത് ഷുഹൈബ്, ഒതുക്കുങ്ങൽതട്ടാരത്തൊടി അഷ്ഹർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പൈൻ കോഡ്സ് എന്ന സ്റ്റാർട്ടപ് സംരംഭമാണ് ആപ് തയാറാക്കിയത്.
ഫെബ്രുവരി അവസാനമാണ് അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ക്രൗഡ് ഫണ്ടിങ്ങിനായി കസ്റ്റമെസ്ഡ് മൊബൈൽ ആപ് വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. മാർച്ച് ഏഴിന് തന്നെ ആപ് ലോഞ്ച് ചെയ്യാനായി. അയച്ച പണം കൃത്യമായി അവകാശികളിലെത്തി എന്ന് ഉറപ്പാക്കാനാവുന്നു, ഇതുവരെ എത്ര രൂപ ലഭിച്ചു? ഏത് സംസ്ഥാനം? ജില്ല,വാർഡ്, ഏത് സംഘടന /വ്യക്തി എന്നു വരെ ഒറ്റ ക്ലിക്കിൽ അറിയാൻ കഴിയുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത.
അബ്ദുൽ റഹീം 2006 ൽ സൗദിയിൽ വീട്ടു ഡ്രൈവറായി ജോലി നോക്കുന്നതിനിടെയുള്ള അബദ്ധം മൂലം വീട്ടുടമയുടെ രോഗിയായ മകൻ മരിച്ചതാണു കേസ്. വധശിക്ഷ ഒഴിവാക്കാൻ 1.5 കോടി റിയാലാണ് (34 കോടി രൂപ) കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. 18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിനെ തിരിച്ചു നാട്ടിലെത്തിക്കാൻ നാട്ടുകാർ ചേർന്നു നിയമസഹായ സമിതി രൂപീകരിച്ച് കഴിഞ്ഞമാസം തുടങ്ങിയ ചെറിയ ശ്രമം ലോകമെങ്ങുമുള്ള മലയാളികൾ ഏറ്റെടുത്തു.
വെള്ളിയാഴ്ച 9 മിനിറ്റിനിടെ ഒരു കോടി രൂപയെത്തി. വിദേശത്തുനിന്നു പിരിച്ച തുക കൂടി അക്കൗണ്ടിലെത്താനുണ്ട്. കഴിഞ്ഞ 10 ദിവസമാണ് ധനസമാഹരണം ഊർജിതമായത്. മലപ്പുറം ജില്ലയിൽ നിന്നു മാത്രം 9 കോടിയിലേറെ രൂപ ലഭിച്ചു. വ്യവസായി ബോബി ചെമ്മണൂരിന്റെ നേതൃത്വത്തിൽ അബ്ദുൽ റഹീമിനായി പ്രത്യേക യാത്ര നടത്തി. ബോബി ചെമ്മണൂരിന്റെ സംഭാവനയായി ഒരു കോടി രൂപ ഇന്നലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കു കൈമാറി.
അബ്ദുൽ റഹീം റിയാദിലെത്തിയതിന്റെ 28–ാം ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സ്പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ അനസിന് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് ഭക്ഷണം നൽകിയിരുന്നത്. ഹൈപ്പർമാർക്കറ്റിലേക്കു പോകുന്നതിനിടെ പിൻസീറ്റിലിരുന്ന അനസിന്റെ കഴുത്തിലെ ജീവൻരക്ഷാ ഉപകരണം അബദ്ധത്തിൽ തെന്നിമാറിയത് അബ്ദുൽ റഹീം അറിഞ്ഞില്ല. നീണ്ട നിയമനടപടികൾക്കു ശേഷമാണ് ദയാധനം നൽകിയാൽ മാപ്പു നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. ഈമാസം 16ന് അകം തുക കൈമാറണം. 15നു മുൻപ് ഇന്ത്യൻ എംബസി മുഖേന തുക നൽകും.