വിഷുപ്പാടം; വിഷുവിന്റെ പ്രതീകവും പ്രതീക്ഷയും
Mail This Article
തിരൂർ ∙ വിഷുപ്പാടം ഇന്നത്തെ തലമുറയുടെ കാഴ്ചയിൽ വെറുമൊരു പാടമായിരിക്കും. എന്നാലവിടം 40 വർഷങ്ങൾക്കു മുൻപു വരെ നാട്ടിലെ വിഷുവിന്റെ പ്രതീകവും കർഷകരുടെയും വ്യാപാരികളുടെയും പ്രതീക്ഷയുമായിരുന്നു. അത്രയേറെ വിപുലമായ വ്യാപാര കേന്ദ്രമായിരുന്നു തിരൂർ തൃക്കണ്ടിയൂരിലെ വിഷുപ്പാടത്ത് നടന്നിരുന്നത്. വിഷുത്തലേന്നാണ് ഇവിടെ വാണിഭം തുടങ്ങുന്നത്. നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന ഈ വാണിഭം വെട്ടത്തുരാജാവാണു തുടങ്ങിയത്.
ഒന്നു കൊടുത്തു മറ്റൊന്നു വാങ്ങുന്ന രീതിയായിരുന്നു അന്നെല്ലാം. രാജകാലത്തിനു ശേഷവും വിഷുപ്പാടം നിലനിന്നു പോന്നു.പച്ചക്കറി, മത്സ്യം, നായ്ക്കൾ, പെരുമ്പായ എന്നു വിളിക്കുന്ന വലിയ പായകൾ, ചട്ടികൾ, പാത്രങ്ങൾ അങ്ങനെ ഇവിടെ കിട്ടാത്തതായി ഒന്നുമുണ്ടായിരുന്നില്ല. കാർഷിക വിളവെടുപ്പിനു ശേഷം അയൽ ജില്ലകളിൽ നിന്നുള്ള കർഷകർ ഇവിടെയെത്തിയാണ് തങ്ങളുടെ വിളകൾ വിറ്റിരുന്നത്.
ഇതു വിൽക്കുന്നയിടത്തെ പച്ചക്കറിക്കണ്ടം എന്നു വിളിച്ചിരുന്നു. എല്ലാത്തരം പച്ചക്കറികളും ഇവിടെ കൂട്ടിയിട്ടുണ്ടാകും.നെല്ലും മറ്റും ഉണക്കുന്ന പെരുമ്പായ എന്നു വിളിക്കുന്ന വലിയ പായകളുമായി ചാവക്കാട് ഭാഗത്തു നിന്നാണ് ആളുകൾ എത്തിയിരുന്നത്. ഈ വലിയ പായ ചുരുട്ടി വച്ചിരിക്കുന്ന ഭാഗത്തെ പെരുമ്പായക്കണ്ടം എന്നാണു വിളിച്ചിരുന്നത്. നായക്കണ്ടം എന്നൊരു ഭാഗവുമുണ്ടായിരുന്നു. ഇവിടെ ശ്വാനപ്രദർശനവും വിൽപനയുമാണ് നടന്നിരുന്നത്.
അന്നൊക്കെ വിഷുദിനത്തിൽ രാവിലെ ഇവിടെ ജനം വന്നു നിറഞ്ഞിരുന്നെന്ന് വിഷുപ്പാടത്തിനടുത്ത് താമസിച്ചിരുന്ന തിരൂർ ദിനേശ് പറയുന്നു. ജനക്കൂട്ടമെത്തിയാൽ പിന്നെ കടലിരമ്പുന്ന പോലുള്ള ശബ്ദമാണ്. ഇപ്പോൾ 72 വയസ്സുള്ള മംഗലശ്ശേരി വിശ്വനാഥന് വിഷുപ്പാടത്തെ കുറിച്ച് മനോഹരമായ ഓർമകളുണ്ട്. കുട്ടിയായിരിക്കുമ്പോൾ ഇവിടെയെത്തി സാധനങ്ങൾ വാങ്ങിപ്പോയിരുന്നതെല്ലാം ഇന്നലെ കഴിഞ്ഞ പോലെയാണ് ഓർക്കുന്നത്. ആളുകൂടുന്നതിനാൽ കുട്ടിക്കാലത്ത് ഇവിടെ സർബത്ത് വിറ്റ ഓർമയാണ് കാരാറ്റുകടവത്ത് ഹനീഫയ്ക്കുള്ളത്.