ADVERTISEMENT

മലപ്പുറം ∙ ‘നമുക്കും വേണം വികസനം, നമുക്കും വേണം കേന്ദ്ര പദ്ധതികൾ’ എൻഡിഎയുടെ അനൗൺസ്മെന്റ് വാഹനം വെന്നിയൂർ കപ്രാട് അങ്ങാടിയിലൂടെ കടന്നുപോയി. തൊട്ടുപിന്നാലെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനുമായി കാർ വന്നു നിന്നു. സ്വീകരണങ്ങൾക്കു ശേഷം ചെറിയൊരു പ്രസംഗം. ‘ എൻഡിഎ സർക്കാർ ഇതുവരെ നടത്തിയ വികസനപ്രവർത്തനങ്ങളെല്ലാം ട്രെയിലർ മാത്രമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

അതിനർഥം പിക്ചർ അഭീ ഭി ബാക്കി ഹെ. ശരിക്കുള്ള ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളൂ. പൊന്നാനി മണ്ഡലത്തിൽ വരാൻപോകുന്ന നാളുകളിൽ നരേന്ദ്രമോദി സർക്കാരിന്റെ വികസനങ്ങളും ക്ഷേമവുമൊക്കെയും എത്തിക്കുന്നതിന് ജനം താമര അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി എനിക്കൊരു അവസരം തരുമെന്ന കാര്യത്തിൽ സംശയമേയില്ല’. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാഴ്ചക്കാരുടെ സംഘം കയ്യടികളോടെ സ്ഥാനാർഥിയുടെ പ്രസംഗത്തെ വരവേറ്റു.

ശേഷം കൂടി നിന്നവരൊടൊപ്പം ഫോട്ടോയും സെൽഫിയുമെടുത്ത് സൗമ്യമായ ചിരിയും കൂപ്പുകൈകളുമായി അടുത്ത പ്രചാരണ വേദിയിലേക്ക്. ഇതിനകം നിവേദിത സുബ്രഹ്മണ്യൻ നാലുതവണ ലോക്സഭാ മണ്ഡലത്തിലെ പര്യടനം നടത്തിക്കഴിഞ്ഞതായി ബിജെപി പ്രവർത്തകർ പറഞ്ഞു. ഇന്നലെ രാവിലെ ഒൻപതോടെ ചുടലപ്പാറയിൽനിന്നു തുടങ്ങിയ തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പര്യടനം വൈകിട്ട് റോഡ് ഷോയോടെയാണ് സമാപിച്ചത്.

വനിതാ മുഖം
ഗുരുവായൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ നിവേദിത സുബ്രഹ്മണ്യൻ യൗവനകാലത്തു തന്നെ സാമൂഹിക, സംഘടനാ പ്രവർത്തനത്തിലേക്കു പ്രവേശിച്ചതാണ്. ജനസംഘത്തിന്റെ പ്രവർത്തകരായിരുന്നു പിതാവ് എ.ബാലകൃഷ്ണനും അമ്മ രാധാ ബാലകൃഷ്ണനും. മഹിളാ മോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷ കൂടിയായിരുന്നു അമ്മ രാധാ ബാലകൃഷ്ണൻ.

മണ്ഡലത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രം എൻഡിഎയ്ക്ക് അനുകൂലമല്ലെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർഥിയും ബിജെപി പ്രവർത്തകരും പ്രചാരണം കൊഴുപ്പിക്കുന്നത്. വ്യക്തിപരമായ ആരോപണങ്ങളോ, വിവാദ വിഷയങ്ങളോ ഒന്നും പരാമർശിക്കാതെ തികച്ചും മിതവും സൗമ്യവുമായ പ്രഭാഷണങ്ങൾ.

കല്യാണവീട്ടിൽ
കപ്രാട്ടു നിന്ന് ചെമ്മാട്ടേക്കുള്ള യാത്രയ്ക്കിടെ വെന്നിയൂർ ചാലാട് പ്രദേശത്തെ കല്യാണവീട്ടിലും സ്ഥാനാർഥി കയറി. കുടുംബാംഗങ്ങളും വധൂവരന്മാരായ ലിബിൻദാസ്, ജ്യോതി എന്നിവരും ചേർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു. അൽപസമയം അവിടെ ചെലവഴിച്ച ശേഷമാണ് അടുത്ത പ്രചാരണവേദിയിലേക്ക് നിവേദിത യാത്രതിരിച്ചത്.

ചെറിയ കുടുംബയോഗങ്ങളും അങ്ങാടികളിലെ ചെറിയ സ്വീകരണങ്ങളുമാണ് ഇന്നലത്തെ പ്രചാരണത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്. വൈകിട്ട് 5ന് ചിറമംഗലത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് റോഡ് ഷോ നിശ്ചയിച്ചിരുന്നതിനാൽ വൈകിട്ട് നാലോടെ ഇന്നലത്തെ പ്രചാരണം സമാപിച്ചു. ചിറമംഗലത്ത് വൈകിട്ടു നടന്ന റോഡ് ഷോയിൽ കേന്ദ്രമന്ത്രി വി.കെ.സിങ് ആയിരുന്നു മുഖ്യാതിഥി.

ചോദ്യം, ഉത്തരം
Qഎൽഡിഎഫും യുഡിഎഫും പൗരത്വവിഷയമാണ് പ്രധാന പ്രചാരണായുധമാക്കുന്നത്
Aഭാരതീയരായ ആരെയും പൗരത്വ ഭേദഗതി നിയമം ദോഷകരമായി ബാധിക്കില്ലെന്ന് ഇപ്പോൾ ജനങ്ങൾക്കു മനസ്സിലായിക്കഴിഞ്ഞു. മുൻപുണ്ടായിരുന്നത്ര പ്രതിഷേധങ്ങൾ ഇപ്പോൾ കാണാനില്ലല്ലോ. വ്യാജ പ്രചാരണത്തെ ജനം തീർച്ചയായും തള്ളിക്കളയും

Qഎന്താണ് ഇത്തവണത്തെ പ്രതീക്ഷ
Aവിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. 4.22 ലക്ഷം പേർ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളായി മണ്ഡലത്തിലുണ്ട്. ഏതെങ്കിലും ഒരു കേന്ദ്രപദ്ധതിയുടെ ഗുണഫലം കിട്ടാത്തതായി ഒരു കുടുംബം പോലും പൊന്നാനി മണ്ഡലത്തിലില്ല. വിവേചനമൊന്നുമില്ലാതെ ക്ഷേമവും വികസനവും എത്തിക്കുന്ന എൻഡിഎയ്ക്ക് ജനം ഇത്തവണ വോട്ടു ചെയ്യും.

Qപ്രധാനമന്ത്രി മോദിയുടെ ഗാരന്റിയാണ് എൻഡിഎ പ്രധാനമായും ഉയർത്തിക്കാണിക്കുന്നത്. എന്താണ് സ്ഥാനാർഥിയുടെ ഗാരന്റി
Aജനങ്ങളുടെ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണാനായി ഞാൻ മണ്ഡലത്തിലുണ്ടാകും എന്നതാണ് എന്റെ പ്രധാന ഗാരന്റി. എംപി ഫണ്ട് പൂർണമായും ചെലവഴിച്ച് വികസന പദ്ധതികൾ നടപ്പാക്കും. അഴിമതി രഹിതമായ വികസനം കൊണ്ടുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com