ADVERTISEMENT

വണ്ടൂർ ∙ കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുമെന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി സർക്കാർ പൂർണ പരാജയമാണെന്നും ഇലക്ടറൽ ബോണ്ട് ഉൾപ്പെടെയുള്ള ഇടപാടുകളിലൂടെ ഭരണകൂടത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനു യുഡിവൈഎഫ് സംഘടിപ്പിച്ച യുവ ന്യായ് സമ്മേളൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ ഭീഷണിപ്പെടുത്തി സ്വന്തം പാളയത്തിലാക്കുകയാണു ബിജെപിയുടെ രീതി.

ഇതു ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. യുഡിഎഫ് കേരളത്തിൽ 20 സീറ്റും നേടുമെന്നും രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സച്ചിൻ പൈലറ്റ് കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പാണക്കാട് ശിഹാബ് തങ്ങളുടെ സ്മരണയ്ക്കു സ്റ്റാംപ് പുറത്തിറക്കിയതിനെ അനുസ്മരിച്ചായിരുന്നു മുഖ്യാതിഥി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസംഗം തുടങ്ങിയത്. ഇന്ത്യയെ ഇന്ത്യയായി തിരിച്ചെടുക്കാനും നിലനിർത്താനും രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ അദ്ദേഹത്തെ ലോകനേതാവിന്റെ തലത്തിലേക്ക് ഉയർത്തിയെന്നും അങ്ങനെയുള്ള ഒരാളെ എംപിയായി കിട്ടുക എന്നത് ഭാഗ്യമാണെന്നും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ഡിമാൻഡ് കുറഞ്ഞ പ്രചാരണായുധമാണു പിണറായി വിജയനെന്നും മുഖ്യമന്ത്രി വന്നു പ്രസംഗിച്ചാൽ ഉള്ള വോട്ടും പോകുമെന്ന പേടിയാണു എൽഡിഎഫ് സ്ഥാനാർഥികൾക്കെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി.അഷ്റഫലി അധ്യക്ഷത വഹിച്ചു. എ.പി.അനിൽകുമാർ എംഎൽഎ, പി.വി.അബ്ദുൽ വഹാബ് എംപി, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.പുഷ്പലത, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.കെ.മുസ്തഫ അബ്ദുൽ ലത്തീഫ്, പി.ഖാലിദ്, കെ.സി.കുഞ്ഞിമുഹമ്മദ്, നിസാജ് എടപ്പറ്റ, എം.ടി.അലി നൗഷാദ്, എ.സക്കീർ ഹുസൈൻ, ഒ.കെ.അനീസ്, സുഫിയാൻ ചെറുവാടി, അനീഷ് കരുളായി, മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി സെക്രട്ടറി സി.കെ.സുബൈർ എന്നിവർ പ്രസംഗിച്ചു.

വേദിയിൽ കോൺഗ്രസ്, മുസ്‌ലിം ലീഗ് പതാക
വണ്ടൂർ ∙ ഇന്നലെ വണ്ടൂരിൽ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുത്ത യുഡിവൈഎഫ് യുവ ന്യായ് സമ്മേളൻ വേദിയിൽ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും പതാക. സദസ്സിന്റെ വശങ്ങളിലും ഇരു പാർട്ടികളുടെയും പതാകകൾ കെട്ടിയിരുന്നു. മുൻപ് നടന്ന യുഡിഎസ്എഫ് പരിപാടിയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്‌ലിം ലീഗിന്റെ കൊടിയുയർത്തിയത് കെഎസ്‌യു പ്രവർത്തകർ തടഞ്ഞതു വ്യാപകമായി പ്രചരിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഐഎൻഎലിന്റെ പച്ചപ്പതാകയുമായി സിപിഎം പ്രകടനവും നടത്തിയിരുന്നു.

നേർക്കുനേരെ കാര്യം പറയാൻ  തെരുവുനാടകം
തിരൂർ ∙ തിരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം. ഓരോ മുന്നണികളും തങ്ങളുടെ ആശയങ്ങൾ വോട്ടർമാർക്കിടയിലേക്ക് എത്തിക്കാൻ പല മാർഗങ്ങളുമാണ് സ്വീകരിക്കുന്നത്. അതിലൊന്നാണ് തെരുവുനാടകം. എതിർ സ്ഥാനാർഥി പ്രതിനിധാനം ചെയ്യുന്ന മുന്നണിയുടെ ആശയങ്ങളിലെ കോട്ടങ്ങളും നേട്ടങ്ങളാക്കാൻ കഴിയുന്ന തങ്ങളുടെ ആശയങ്ങളുമെല്ലാം വോട്ടർമാരിലേക്ക് നേരിട്ടെത്തിക്കാൻ സാധിക്കുന്ന മികച്ച വഴി‌കളിലൊന്നായാണ് തെരുവുനാടകത്തെ എല്ലാ മുന്നണികളും രാഷ്ട്രീയ പാർട്ടികളും കാണുന്നത്.

1000 മുതൽ 2500 രൂപ വരെയാണ് നാടകത്തിൽ അഭിനയിക്കുന്നവരുടെ കൂലി. മോദിയും രാഹുൽഗാന്ധിയും പിണറായി വിജയനും വൻകിട വ്യവസായികളുമായെല്ലാം വേഷം ധരിക്കണമെന്നു മാത്രം.  മിക്ക രാഷട്രീയപാർട്ടികളുടെയും സാംസ്കാരിക വിഭാഗമാണ് തെരുവുനാടകം നടത്തുന്നത്. എന്നാൽ അഭിനയിക്കാനുള്ളവർ പലപ്പോഴും പുറത്തുനിന്നാണ്. പല കലാകാരന്മാരുടെയും പ്രയാസത്തിന് ചെറിയ പരിഹാരമാണിത്. ഗായകരും മറ്റുമായി ഒട്ടേറെ മറ്റു കലാകാരന്മാരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായിട്ടുണ്ട്.

മറ്റ് ജില്ലകളിൽ വോട്ടവകാശമുള്ള  ഉദ്യോഗസ്ഥർക്ക്  വോട്ടുചെയ്യൽ ബാധ്യത
തേഞ്ഞിപ്പലം ∙ മലപ്പുറം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും മറ്റ് ജില്ലകളിൽ വോട്ടവകാശമുള്ള ഉദ്യോഗസ്ഥർക്ക് ഇക്കുറി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ ബാധ്യതയാകും. പോസ്റ്റൽ ബാലറ്റ് നൽകാതെ ഇന്നോ, നാളെയോ മലപ്പുറം എംഎസ്‌പി ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10നും വൈകിട്ട് 5നും ഇടയിലെത്തി വോട്ട് ചെയ്യാൻ നിർദേശിച്ചതാണ് പലർക്കും തിരിച്ചടിയായത്. എന്നാൽ, വോട്ടവകാശമുള്ള പാർലമെന്റ് മണ്ഡലത്തിൽ തന്നെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചവർക്ക് മലപ്പുറത്തേക്ക് വണ്ടി കയറേണ്ട. അവർക്ക് ഡ്യൂട്ടിയുള്ള സ്ഥലത്ത് തന്നെ വോട്ടവകാശം വിനിയോഗിക്കാൻ സൗകര്യം ലഭിക്കും. 

കാലിക്കറ്റ് സർവകലാശാലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരിൽ 250ൽപരം ഉദ്യോഗസ്ഥർ മറ്റ് ജില്ലക്കാരാണ്. അവരുടെ വോട്ടവകാശവും വ്യത്യസ്ഥ മണ്ഡലങ്ങളിലുമാണ്. ജോലി യൂണിവേഴ്സിറ്റിയിൽ ആയതിനാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ജില്ലയിലെ പോളിങ് ബൂത്തുകളിലും. പലരും ഇപ്പോൾ പരീക്ഷാ ജോലിയുടെ തിരക്കിലാണ്. അതിനിടെ വോട്ട് ചെയ്യാൻ മാത്രമായി ഒരു ദിവസം വിനിയോഗിക്കണം എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പലരും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടെന്ന് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. അവരിൽ ചിലർ തപാൽ വോട്ടിന് അപേക്ഷിച്ചിട്ടുമില്ല. ഇനി അപേക്ഷിച്ചാൽ തന്നെ വോട്ട് ചെയ്യാനാകുമോയെന്നതിനും ഉത്തരമില്ല. ഉദ്യോഗസ്ഥർക്ക് അധികം അലയാതെ വോട്ട് ചെയ്യാൻ  ജില്ലയിലെ എല്ലാ അസംബ്ലി നിയോജകമണ്ഡലം തലങ്ങളിലും പോളിങ് ബൂത്ത് ഏർപ്പെടുത്തിയിരുന്നെങ്കിൽ മലപ്പുറം യാത്രയും അധിക ബാധ്യതയും ഒഴിവാക്കാമായിരുന്നുവെന്ന് കരുതുന്നവരേറെ.

വ്യാജ പോസ്റ്റ്: യുഡിഎഫ്  പരാതിയിൽ കേസെടുത്തു
കൊയിലാണ്ടി ∙ വടകര ലോക്സഭാ മണ്ഡ‍ലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു. യുഡിഎഫ് കൊയിലാണ്ടി മണ്ഡലം ചെയർമാൻ കെ.അബ്ദുറഹ്മാൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

പ്രിയങ്ക ഗാന്ധി നാളെ എടക്കരയിലും വണ്ടൂരിലും
എടക്കര ∙ വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർഥിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ എടക്കരയിലെത്തും. ഉച്ചയ്ക്ക് 2ന് മുണ്ടയിലെ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങി എടക്കര ‌ടൗണിൽ റോഡ് ഷോയിൽ പങ്കെടുക്കും. 3ന് വണ്ടൂരിലെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും. യുഡിഎഫ് പ്രചാരണത്തിനായി അച്ചു ഉമ്മനും രമേഷ് പിഷാരടിയും ഇന്ന് നിലമ്പൂർ മണ്ഡലത്തിലെത്തുന്നുണ്ട്.

എൽഡിഎഫ് സ്ഥാനാർഥി ആനി രാജ ഇന്ന് നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ റോഡ് ഷോ നടത്തും. രാവിലെ 8.30ന് വഴിക്കടവിൽ നിന്ന് റോഡ് ഷോ ആരംഭിക്കുന്നത് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെ‌ടുക്കും. ബിജെപി ദേശീയ എക്സിക്യൂട്ടിവ് അംഗം അൽഫോൻസ് കണ്ണന്താനം മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയിട്ടുണ്ട്. 

കലാശക്കൊട്ട് തിരൂരിലും  താനൂരിലും ഒഴിവാക്കും
തിരൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കലാശക്കൊട്ട് തിരൂരിലും പരിസരങ്ങളിലുമുള്ള നഗരങ്ങളിൽ വേണ്ടെന്നു തീരുമാനം. തിരൂർ ഡിവൈഎസ്പി ഓഫിസിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 24നാണ് കലാശക്കൊട്ട് നടക്കേണ്ടത്. തിരൂർ നഗരത്തിലും പരിസരത്തുള്ള ജനത്തിരക്കേറിയ മറ്റു ചെറുനഗരങ്ങളിലുമെല്ലാം കലാശക്കൊട്ട് ഉപേക്ഷിച്ചിട്ടുണ്ട്. മൈക്ക് അനൗൺസ്മെന്റിന് അനുമതി ലഭിച്ചിട്ടുള്ള വാഹനങ്ങൾ നഗരങ്ങൾ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്താൻ പാടില്ല. ഏതെങ്കിലും പ്രത്യേക സ്ഥലത്ത് നിർത്തി പ്രചാരണം നടത്താനുള്ള അനുമതിയുമില്ല.

പ്രാദേശിക സ്ഥലങ്ങളിലാണ് ഇത്തരം വാഹനങ്ങൾ 24ന് പ്രചാരണം നടത്തേണ്ടത്. വാഹനങ്ങൾ റോഡുകളിലും പ്രധാന ജംക‍്ഷനുകളിലും കയറി യാത്രക്കാർക്കു പ്രയാസമുണ്ടാക്കാതിരിക്കാൻ മുന്നണികൾ ശ്രദ്ധിക്കണമെന്നും യോഗത്തിൽ പൊലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്. തിരൂർ ഡിവൈഎസ്പി പി.പി.ഷംസ് ആധ്യക്ഷ്യം വഹിച്ചു. ഇൻസ്പെക്ടർ എം.കെ.രമേശ്, എസ്ഐമാരായ ഷിജോ.സി.തങ്കച്ചൻ, പി.ക്ലീറ്റസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കൂട്ടായി ബഷീർ, എൻ.ടി.വാസു, കെ.ഹനീഫ, ഷുക്കൂർ കൂട്ടായി, എം.പി.അബ്ദുൽ ഫുക്കാർ, കെ.അജേഷ്, ശശി കറുകയിൽ, സി.ഒ.ബാബുരാജ്, പിമ്പുറത്ത് ശ്രീനിവാസൻ, കൊക്കോടി മൊയ്തീൻകുട്ടി ഹാജി, എം.എ.റഫീഖ് എന്നിവർ പ്രസംഗിച്ചു.
താനൂർ∙ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജക മണ്ഡലത്തിൽ 24ന് നഗരം കേന്ദ്രീകരിച്ചുള്ളതും ജനത്തിരക്കുള്ള ടൗണുകളിലെയും കലാശക്കൊട്ട് ഉപേക്ഷിക്കാൻ തീരുമാനം. സർവകക്ഷി യോഗത്തിലാണ് ഈ നടപടി. യോഗത്തിൽ ഡിവൈഎസ്പി  വി.വി.ബെന്നി ആധ്യക്ഷ്യം വഹിച്ചു. ഇൻസ്പെക്ടർ സി.ഐ.മാത്യു, ജെഎസ്ഐ  കെ.വി.അജിത്,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

തമിഴ്നാട് പൊലീസുമെത്തി
തിരൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാകാര്യങ്ങളിൽ കേരള പൊലീസിനെ സഹായിക്കാൻ തമിഴ്നാട്ടിൽനിന്നുള്ള പൊലീസുമെത്തി. 101 പേരുള്ള തമിഴ്നാട് ആംഡ് പൊലീസാണ് തീരപ്രദേശങ്ങളിലും മറ്റും തിരഞ്ഞെടുപ്പ് നിയന്ത്രണത്തിനായി എത്തിയത്. തിരൂർ ടൗൺഹാളിലാണ് ഇവരുടെ താമസം. കലാശക്കൊട്ട് നടക്കുന്ന 24 മുതൽ ഈ പൊലീസ് സംഘവും നിയന്ത്രണങ്ങൾക്കായി ഉണ്ടാകും. തിരൂർ, താനൂർ സബ് ഡിവിഷനുകളിലെ പ്രശ്നബാധിത ബൂത്തുകളിലും തിരഞ്ഞെടുപ്പ് ദിവസം ഈ സേനയുണ്ടാകും.

ആവശ്യമെങ്കിൽ സിആർപിഎഫിന്റെ സേവനവും ഇവിടെ എത്തിക്കും. ചെന്നൈ സിആർപിഎഫ് 97 ബറ്റാലിയനിൽ നിന്നുള്ള സംഘത്തെയാണ് എത്തിക്കുക. തിരൂർ സ്റ്റേഷൻ പരിധിയിൽ മാത്രം 26 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇവിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പിന് ഒരു ദിവസം മുൻപു തന്നെ പൊലീസിന്റെ സാന്നിധ്യമുണ്ടാകും.

‘പോളിങ് ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായ വോട്ടിങ് സംവിധാനം  ഒരുക്കണം’
തിരൂർ ∙ പോളിങ് ഉദ്യോഗസ്ഥർക്ക്, തിരഞ്ഞെടുപ്പിന്റെ തലേദിവസം പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കണമെന്ന് യുടിഇഎഫ് ലോക്സഭാ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ മനോജ് ജോസ് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. വി.എ.ഗഫൂർ, സി.പി.മോഹനൻ, ഒ.ഷൗക്കത്തലി, മൻസൂർ മാടമ്പാട്ട്, വി.എസ്.പ്രമോദ്, സുരേഷ് തിരുവത്ര എന്നിവർ പ്രസംഗിച്ചു.

പൊന്നാനിയിളകിയാൽ ‘വിജയഹംസം’
പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. പല ഈണത്തിൽ പാട്ടുകൾ.‘ഉപകാരം ചെയ്യാത്ത ലീഗെന്തിനാ, കല്യാണം കൂടുവാൻ പോണെന്തിനാ’ എന്നു മാപ്പിളപ്പാട്ടു ശൈലിയിൽ.‘ഇക്കൊല്ലം പൊന്നാനീല് ഹാലാകെ മാറും’ എന്ന് അടിപൊളി താളത്തിൽ. എടയൂർ പഞ്ചായത്തിലെ തിണ്ടലത്താണ് പൊന്ന‌ാനിയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.എസ്.ഹംസയുടെ പ്രചാരണം. പാട്ടും ബാൻഡ് മേളവും ഇങ്ക്വിലാബ് വിളികളും മുഴങ്ങുന്നതിനിടെ, മുന്നിൽ ചെങ്കൊടി കെട്ടിയ, ചുവന്ന നിറത്തിലുള്ള ജീപ്പിലേക്ക് ഹംസ കയറി. പൊന്നാനിയിലെ കോണിയിളക്കാനെത്തിയ പഴയ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പ്രസംഗങ്ങളിലെല്ലാം ഉന്നമിടുന്നത് ലീഗിനെ.

‘ഇ.ഡിയെ പേടിക്കാതെ, മോദിയെ പേടിക്കാതെ തലയുയർത്തി ആത്മാഭിമാനത്തോടെ നിലപാടുകൾ പറയാൻ’ വോട്ടു നൽകി വിജയിപ്പിക്കണമെന്ന അഭ്യർഥനയോടെയാണ് പ്രസംഗം അവസാനിപ്പിക്കുന്നത്∙കോട്ടയ്ക്കൽ നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന നാട്ടിൻ പുറങ്ങളിലൂടെയാണ് പ്രചാരണ വാഹനം കടന്നു പോകുന്നത്. വോട്ടു ചരിത്രത്തിൽ ലീഗിന്റെ കോട്ടയാണെങ്കിലും പോസ്റ്ററുകളിലും ബാനറുകളിലും ഹംസ സമനില പിടിച്ചിട്ടുണ്ട്.റോഡരികിൽ ഒരു കോണി ചിഹ്നമുണ്ടെങ്കിൽ അടുത്തു തന്നെ അരിവാൾ ചുറ്റികയുമുണ്ട്. എതിർ സ്ഥാനാർഥി ചിരിച്ചു നിൽക്കുന്ന പോസ്റ്ററിനു മറുപടിയായി ഹംസയുടെ ‘ചിരിപ്പടമുണ്ട്’
∙ പ്രചാരണ കേന്ദ്രങ്ങളിൽ ആദ്യമെത്തുന്നത് പ്രാദേശിക നേതാക്കളാണ്. അവർ പ്രസംഗിച്ച് ‘നിലമൊരുക്കുമ്പോഴാണ്’ സ്ഥാനാർഥിയുടെ വരവ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നിലപാടുകൾ തമ്മിലുള്ള താരതമ്യമാണ് പ്രാദേശിക നേതാക്കളുടെ പ്രസംഗത്തിന്റെ സിംഹഭാഗവും. പിന്നെ സ്ഥാനാർഥിയുടെ ഊഴം.എല്ലാവരോടും കൈപിടിച്ച് വോട്ടഭ്യർഥിച്ച് ചെറിയ പ്രസംഗം. ചുവന്ന ഷാൾ അല്ലെങ്കിൽ ഹാരമണിയിച്ചാണ് സ്വീകരണം. ചീനിച്ചോടെത്തിയപ്പോൾ കാത്തിരുന്നത് കൗതുകമുള്ളൊരു ‘സമ്മാനം’. മരത്തടിയിൽ തീർത്ത അരിവാൾ ചുറ്റിക നക്ഷത്രം.
∙പ്രചാരണ ഗാനങ്ങളിലെ വ്യത്യസ്തതയിൽ കെ.എസ്.ഹംസയ്ക്ക് വ്യക്തമായ ലീഡുണ്ടെന്ന് അകമ്പടി വാഹനങ്ങളിൽ നിന്നു മുഴങ്ങുന്ന പാട്ടുകൾ കേട്ടാലറിയാം.സ്ഥാനാർഥിയുടെ ഗുണഗണങ്ങൾ പറയാനും എതിരാളികളുടെ വീഴ്ച ചൂണ്ടിക്കാട്ടാനും മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ പറയാനുമെല്ലാം പാട്ടുകളുണ്ട്.പ്രചാരണത്തിൽ ഉയർന്നുവരുന്ന വിഷയങ്ങൾ ഉൾപ്പെടുത്തി പാട്ടിൽ അപ്ഡേഷനുമുണ്ട്. സാംപിൾ ഇങ്ങനെ.‘പിടിക്കുവാൻ കഴിയാത്ത കൊടിയെന്തിനാ, താമരയായ് മാറുന്ന കൈ എന്തിനായെന്ന്’ .
∙ചീനിച്ചോടെത്തിയപ്പോൾ മോശമല്ലാത്ത ആൾക്കൂട്ടം.മൈക്ക് കയ്യിലെടുത്ത സ്ഥാനാർഥി കത്തിക്കയറി.പൊന്നാനിയുടെ വികസന മുരടിപ്പും ലീഗിനെതിരായ ആരോപണങ്ങളും കടന്ന് കവി ഇടശ്ശേരിയിലേക്കും ശ്രീനാരായണ ഗുരുവിലേക്കും പ്രഭാഷണം പടർന്നു. വോട്ടഭ്യർഥനയ്ക്കൊപ്പം കവിതയും മഹദ്‌വചനങ്ങളും അനായാസം കടന്നുവന്നു.
∙തിണ്ടലത്ത് നിന്ന് വായനശാല, ചീനിക്കൽ, മൂന്നാക്കൽ വഴി നാട്ടിടവഴികൾ പിന്നിട്ട് വളാഞ്ചേരിയിലേക്കു പോകുമ്പോൾ വീട്ടു വരാന്തകളിലും മുറ്റത്തും സ്ത്രീകളുടെ കൂട്ടം. മെസ്സിയുടെയും റൊണാൾഡോയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ജഴ്സിയണിഞ്ഞ് കളിക്കുന്ന കുട്ടികൾ സ്ഥാനാർഥിക്കു നേരെ കൈവീശി ആരവം മുഴക്കുന്നു.പ്രത്യാഭിവാദ്യം ചെയ്യുന്നതിനിടെ ഹംസ പറഞ്ഞു.‘ഇവിടെയൊരു തരംഗമുണ്ട്. സർവേ നടത്തിയവരൊന്നും അതു കണ്ടിട്ടില്ല. ജനങ്ങളിൽ നിന്നു ലഭിക്കുന്ന പ്രതികരണത്തിൽ പ്രതീക്ഷയുണ്ട്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com