തിരഞ്ഞെടുപ്പ്: പെരിന്തൽമണ്ണയിൽ നടപടി പൂർത്തിയാക്കിയത് ഇന്നലെ ഉച്ചയോടെ
Mail This Article
പെരിന്തൽമണ്ണ∙ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പെരിന്തൽമണ്ണയിൽ പൂർത്തീകരിച്ചത് ഇന്നലെ ഉച്ചയോടെ. വെള്ളിയാഴ്‌ച രാത്രിയിലും വോട്ടിങ് തുടർന്ന ചില ബൂത്തുകളിൽ നിന്ന് വോട്ടിങ് പൂർത്തിയാക്കിയ ശേഷം രാത്രി വൈകിയാണ് വോട്ടിങ് യന്ത്രങ്ങൾ കളക്‌ഷൻ സെന്ററുകളിലെത്തിക്കാനായത്. ഇവിടെ 3 സ്‌ട്രോങ്മുറികളിലായാണ് പൊലീസ് കാവലിൽ ഇവ താൽക്കാലികമായി സൂക്ഷിച്ചത്.
രേഖകളുടെ വിശദമായ പരിശോധന നടത്തിയ ശേഷം പുലർച്ചെ രണ്ടിന് ശേഷമാണ് വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യുന്ന പ്രവൃത്തി തുടങ്ങിയത്. 182 വോട്ടിങ് യന്ത്രങ്ങളും റിസർവ് യന്ത്രങ്ങളും രേഖകളും 19 പെട്ടികളിലാക്കി സീൽ ചെയ്‌ത് 3 വാഹനങ്ങളിലായാണ് സായുധ പൊലീസ് അകമ്പടിയോടെ മലപ്പുറത്തെത്തിച്ചത്. കലക്‌ടറേറ്റിലെത്തിച്ച് യന്ത്രങ്ങൾ കൈമാറി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഇന്നലെ 11 മണിയോടെയാണ്. അസി.റിട്ടേണിങ് ഓഫിസറായ സബ് കലക്‌ടർ അപൂർവ ത്രിപാഠി, സബ് കലക്‌ടർ ഓഫിസിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ, ഇലക്‌ഷൻ ഡപ്യൂട്ടി തഹസിൽദാർ എസ്.ആർ.റെജി, തഹസിൽദാർ ടി.കെ.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.