കോൾ മേഖലയിലുള്ള ജലസ്രോതസ്സുകൾ വറ്റി; 500 കുടുംബങ്ങൾ നെട്ടോട്ടത്തിൽ
Mail This Article
മാറഞ്ചേരി ∙ കോൾ മേഖലയോടു ചേർന്നുള്ള ജലസ്രോതസ്സുകൾ വറ്റിയതോടെ മാറഞ്ചേരി പഞ്ചായത്തിലെ അഞ്ഞുറോളം കുടുംബങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടത്തിൽ. പൊന്നാനി കോളിലെ നുറടിത്തോടും ബിയ്യം റഗുലേറ്ററും വറ്റിവരണ്ടതിനെ തുടർന്നാണ് പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത ശുദ്ധ ജലക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ 6, 8, 10 വാർഡുകളിലെ കിണറുകളിലാണ് വെള്ളം കിട്ടാതെ വന്നത്. വേനൽ കടുത്തതോടെ പഞ്ചായത്തിന്റെ മറ്റു വാർഡുകളിൽ കിണറുകളിൽ നിന്ന് മഞ്ഞ നിറത്തിലുള്ള വെള്ളമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പഞ്ചായത്ത് ടാങ്കറിൽ ശുദ്ധജലം എത്തിക്കുന്നുണ്ടെങ്കിലും ഇതു ഭക്ഷണം പാചകം ചെയ്യാൻ മാത്രമേ തികയുന്നുള്ളു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥയിലാണ് ഭൂരിഭാഗം കുടുംബങ്ങളും. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലും ശുദ്ധജലക്ഷാമം രൂക്ഷമായി തുടരുകയാണ്. പുറങ്ങ് മേഖലയിൽ കാഞ്ഞിരമുക്ക് പുഴയിൽനിന്ന് ഉപ്പുവെള്ളം കയറുന്നതാണ് ശുദ്ധ ജലത്തിനു തടസ്സമാകുന്നത്.