ADVERTISEMENT

തേഞ്ഞിപ്പലം ∙ തുള്ളിനനയും മറ്റു ശാസ്ത്രീയ രീതികളും പ്രയോജനപ്പെടുത്തി 65 ദിവസംകൊണ്ട് 60 സെന്റിൽ ആയിരക്കണക്കിന് നാടൻ, ഇറാൻ തണ്ണിമത്തൻ (വത്തക്ക) വിളയിച്ചെടുത്ത് തെങ്ങുകയറ്റ– മരംവെട്ട് തൊഴിലാളി ചെട്ട്യാർമാട് പാലക്കപ്പറമ്പ് നിസാറിന്റെ (41) കൃഷിവിപ്ലവം. കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത ചെട്ട്യാർമാട് വളയംകുളങ്ങരയിൽ പാട്ടത്തിനെടുത്ത വയലിൽ തുള്ളിനനയും ആ സംവിധാനം ഉപയോഗിച്ച് വള പ്രയോഗവും നടത്തിയാണ് കൃഷി.

മണ്ണിളക്കി ജൈവവളം ചേർത്ത ശേഷം ഒട്ടേറെ നീളമേറിയ മൺതിട്ടകൾ ഒരുക്കിയായിരുന്നു കൃഷിയുടെ ആദ്യ ഘട്ടം. മൺ തിട്ടയ്ക്ക് മീതെ മണ്ണിൽ ലയിക്കുന്ന ഷീറ്റ് വിരിച്ചതോടെ നിശ്ചിത അകലത്തിൽ ചെറു കുഴിയെടുത്ത് അവിടെ വത്തക്ക വിത്തുകൾ നട്ടു. ചെറു പൈപ്പുകൾ എത്തിച്ച് എല്ലാ വത്തക്ക തൈകൾക്കും നിത്യേന നിശ്ചിത സമയം വെള്ളം ലഭിക്കാൻ പാകത്തിൽ തുള്ളിനന സംവിധാനവും ഒരുക്കി. ഇതോടെ കളകൾ കുറ‍ഞ്ഞു.

വളപ്രയോഗത്തിനും ചെറു പൈപ്‌ലൈൻ ശൃംഖല പ്രയോജനപ്പെടുത്തി. ആയിരം കിലോ വത്തക്ക കിലോഗ്രാമിന് 25 രൂപ നിരക്കിൽ വിറ്റു. ഇനി 1500 കിലോഗ്രാം കൂടി വിൽക്കാനുണ്ട്. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.സി.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. യുട്യൂബിൽനിന്ന് ലഭിച്ച വിവരങ്ങളും സ്വയം ആർജിച്ചെടുത്ത രീതികളും പ്രയോജനപ്പെടുത്തിയാണ് നിസാ‍ർ ഇതാദ്യമായി വത്തക്ക കൃഷി നടത്തിയത്.

അടുത്ത വർഷം കൃഷി വിപുലീകരിക്കും. മൺതിട്ടയിലെ കൃഷി ആയതിനാൽ ചെറു മഴകൾ ബാധിച്ചില്ലെന്നതും നേട്ടമായി. യന്ത്രസഹായത്തോടെ തെങ്ങിൽ കയറി നാളികേരം വലിക്കലാണ് ഏതാനും വർഷമായി നിസാറിന്റെ ജോലി. മരം മുറിക്കാനും പോകാറുണ്ട്. മുൻപ് വർഷങ്ങളോളം യന്ത്രസഹായത്തോടെയുള്ള കല്ലു വെട്ടായിരുന്നു ജോലി. ചെറുപ്പത്തിൽ കൃഷിയിൽ സജീവമായിരുന്നു. 3 വർഷമായി വാഴക്കൃഷി നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com