ഹജ് യാത്ര: നടപടികൾ അന്തിമഘട്ടത്തിൽ; കേരളത്തിലെ ആദ്യ ഹജ് വിമാനം 21ന് കോഴിക്കോട്ടുനിന്ന്
Mail This Article
കരിപ്പൂർ ∙ കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നു സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ് യാത്രയ്ക്കുള്ള നടപടികൾ അന്തിമഘട്ടത്തിൽ. സംസ്ഥാനത്തുനിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെടും. നിലവിൽ തയാറാക്കിയ ഷെഡ്യൂൾ പ്രകാരം 21നു പുലർച്ചെയാണു കോഴിക്കോട്ടുനിന്നുള്ള ആദ്യ വിമാനം. എന്നാൽ, മുഴുവൻ വിമാന സർവീസുകളുടെയും പട്ടിക തയാറായിട്ടില്ല.
അന്തിമ ഷെഡ്യൂൾ 2 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണു വിവരം. തുടർന്ന് ഓരോ വിമാനത്തിലും യാത്ര ചെയ്യേണ്ട തീർഥാടകരെ തിരഞ്ഞെടുക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കി തീർഥാടകരെ വിവരമറിയിച്ചു തുടങ്ങും. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽനിന്നു സൗദി എയർലൈൻസുമാണ് ഹജ് സർവീസ് നടത്തുന്നത്. കേരളത്തിൽനിന്ന് ഇത്തവണ 17,771 പേർക്ക് ഹജ് തീർഥാടനത്തിന് ഇതുവരെ അവസരം ലഭിച്ചു.
ഇനിയും ഏതാനും പേർക്ക് അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ. കോഴിക്കോട് (10,371), കൊച്ചി (4228), കണ്ണൂർ (3112) വീതം തീർഥാടകരാണു യാത്ര ചെയ്യുക. കൂടുതൽ തീർഥാടകർ യാത്ര ചെയ്യുന്ന കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ചെറുവിമാനങ്ങളാണു സർവീസ് നടത്തുന്നത് എന്നതിനാൽ ദിവസവും മൂന്നും നാലും വിമാന സർവീസുകൾ ഉണ്ടാകും. അതേസമയം, കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് വിമാന യാത്രാ നിരക്കിൽ 35,000 രൂപ കൂടുതലാണ്. ഈ നിരക്കിൽ ഇനി ഇളവ് പ്രതീക്ഷിക്കാനാകില്ല എന്നാണു വിവരം.