മണ്ണൊലിപ്പ്: രാജീവ് ഗാന്ധി സ്റ്റേഡിയം അപകടത്തിൽ; ഭിത്തി നിർമിച്ചില്ലെങ്കിൽ ഒരു വശം പുഴയെടുക്കും
Mail This Article
തിരൂർ ∙ ഭിത്തി നിർമിച്ച് സംരക്ഷിച്ചില്ലെങ്കിൽ മണ്ണൊലിച്ചു പോയി രാജീവ്ഗാന്ധി സ്റ്റേഡിയത്തിന്റെ ഒരു വശം പുഴയെടുക്കും. തിരൂർ പുഴയോട് അതിരിടുന്ന സ്റ്റേഡിയത്തിന്റെ ഭാഗമാണ് മണ്ണൊലിപ്പ് ഭീഷണിയിലുള്ളത്. മഴ പെയ്തു തുടങ്ങിയാൽ പെട്ടെന്നു നിറഞ്ഞ് ശക്തമായ ഒഴുക്കുണ്ടാകുന്ന സ്ഥിതിയാണ് തിരൂർ പുഴയ്ക്കുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണെടുത്ത് ആഴം കൂട്ടുന്ന പണി പുഴയിൽ നടന്നിരുന്നു. കോരിയെടുത്ത മണ്ണ് സ്റ്റേഡിയത്തിന്റെ അതിരുകളിലാണ് ഇട്ടിരുന്നത്.
എന്നാൽ പിന്നീട് ഈ മണ്ണ് ഇവിടെ നിന്ന് കോരിയെടുത്ത് മാറ്റി. കൂടുതൽ മണ്ണ് ഇവിടെ നിന്ന് മാറ്റിയതോടെയാണ് ഭീഷണി ഉയരുന്നത്. സ്റ്റേഡിയത്തിനു ചുറ്റും നടക്കാൻ നിർമിച്ച നടപ്പാതയ്ക്കും മരങ്ങൾക്കും ഇത് ഭീഷണി ഉയർത്തുന്നുണ്ട്. പുഴയിൽ നിന്ന് മീറ്ററുകൾ മാറിയാണ് സിന്തറ്റിക് ട്രാക്കുള്ളത്. മഴയ്ക്കു മുൻപായി ഇതിനൊരു തീരുമാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരും കായിക പ്രേമികളും ആവശ്യപ്പെടുന്നത്.