ക്വാറിയിൽ മുങ്ങിമരിച്ചത് മാമന്റെ നിക്കാഹിന് എത്തിയ കുട്ടികൾ; കണ്ണീർ പൊഴിച്ച് പൊടിയാട്
Mail This Article
മലപ്പുറം ∙മാമന്റെ നിക്കാഹിന് എത്തിയ റജയുടെയും ജിയയുടെയും മൃതദേഹങ്ങൾ മേൽമുറി പൊടിയാട്ടിലെ ക്വാറിയിൽനിന്നു നാട്ടുകാർ മുങ്ങിയെടുത്തപ്പോൾ ബന്ധുക്കൾ മാത്രമല്ല, ഒരു നാടാകെ അലറിവിളിച്ചു കരയുകയായിരുന്നു. ഇന്നലെ രാവിലെ 9ന് ആയിരുന്നു, കുട്ടികളുടെ വല്യുമ്മയുടെ സഹോദരൻ തെക്കോടൻ ഇബ്രാഹിമിന്റെ മകൻ മിർസ അസ്ഫാഖ് ഷാന്റെ നിക്കാഹ്.
ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്കൊപ്പം വളരെ നേരത്തേ തന്നെ ജിയയും റജയും എത്തിയിരുന്നു. ഞായറാഴ്ച മേൽമുറിയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടക്കേണ്ടിയിരുന്നത്. ഭക്ഷണം കഴിച്ച ശേഷം വീട്ടുകാർ സംസാരിച്ചിരിക്കുന്നതിടെയാണ് കുട്ടികളെ കാണാതായതു ശ്രദ്ധയിൽപെട്ടത്.
വീട്ടിലുള്ള മുതിർന്നവരുടെ ചെരിപ്പും ധരിച്ചായിരുന്നു ഇരുവരും പുറത്തുപോയത്. അതോടെ എല്ലാവരും തിരഞ്ഞിറങ്ങി. ഇരുവരുടെയും പേര് ഉച്ചത്തിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. വീടിന്റെ 400 മീറ്റർ അടുത്തുള്ള ക്വാറിയുടെ പരിസരത്തേക്കും തിരച്ചിൽ എത്തിയെങ്കിലും ആരും ഉള്ളുലയ്ക്കുന്ന ഈ സംഭവം പ്രതീക്ഷിച്ചിരുന്നില്ല.
ഇതിനിടെയാണ് ക്വാറിയുടെ കരയിലായി ഇവർ ധരിച്ചിരുന്ന ചെരിപ്പ് ഊരിവച്ചതായി ശ്രദ്ധയിൽപെട്ടത്. ഉടനെ ബന്ധുക്കളും നാട്ടുകാരും ക്വാറിയിൽ ഇറങ്ങി പരിശോധിച്ചപ്പോൾ കുട്ടികൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു.കാലങ്ങൾക്ക് മുൻപേ ഖനനം നിർത്തിയ ക്വാറിയിൽ ഈ വേനലിലും നല്ല വെള്ളമുണ്ട്. മധ്യഭാഗങ്ങളിൽ 15 മുതൽ 30 അടി വരെ ആഴമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കുളിക്കാനും അലക്കാനും ക്വാറിയിലെ വെള്ളം സമീപത്തെ വീട്ടുകാർ ഉപയോഗിച്ചുവരുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു കുട്ടിയും ഇതര സംസ്ഥാനത്തൊഴിലാളിയും ക്വാറിയിൽ മുങ്ങിമരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ജിയ പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലിഷ് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: ജിയാദ്. വലിയപറമ്പ് വെസ്റ്റ് എഎംഎൽപി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ് റജ ഫാത്തിമ. സഹോദരങ്ങൾ: റൈഹാൻ, റന ഫാത്തിമ. റജയുടെ മാതാവ് ഷംന, പുളിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡ് അംഗമാണ്.
ബന്ധുക്കളായ കുട്ടികൾ ക്വാറിയിൽ മുങ്ങിമരിച്ചു
മലപ്പുറം ∙ സഹോദരിമാരുടെ പേരക്കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു. പുളിക്കൽ സ്വദേശി കുടുക്കയിൽ കൊച്ചംപള്ളി വീട്ടിൽ അഹമ്മദ് ഷരീഫ്– ഷംല ദമ്പതികളുടെ മകൾ റജ ഫാത്തിമ (8), പൂക്കോട്ടുംപാടം മാമ്പറ്റ ചോലയിൽ ജംഷീർ- ഷിനില ദമ്പതികളുടെ ഇളയ മകൾ ജിയ (9) എന്നിവരാണു മേൽമുറി പൊടിയാടിലെ ക്വാറിയിൽ വീണു മരിച്ചത്.
ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവായ പൊടിയാട് തെക്കോടൻ ഇബ്രാഹിമിന്റെ മകൻ മിർസ അസ്ഫാഖ് ഷാന്റെ നിക്കാഹിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടികൾ. ഇബ്രാഹിമിന്റെ ഭാര്യ ഖദീജയുടെ സഹോദരിമാരുടെ പേരക്കുട്ടികളാണ് റജയും ജിയയും. നിക്കാഹ് കഴിഞ്ഞ് ഉച്ചയോടെ കുട്ടികളെ കാണാതാകുകയായിരുന്നു.