കപ്പൽ പിടിച്ചിട്ടപ്പോൾ ബേപ്പൂരിൽ കുടുങ്ങിയത് ലക്ഷദ്വീപിലേക്കുള്ള ഇന്ധനവും 200 ടൺ സാധനങ്ങളും
Mail This Article
മലപ്പുറം ∙ ചരക്കുകപ്പൽ എംവി സാഗർ യുവരാജ് ബോട്ടിൽ ഇടിച്ച് സർവീസ് മുടങ്ങിയതോടെ ബേപ്പൂരിൽ കുടുങ്ങിയത് ലക്ഷദ്വീപിലെ വൈദ്യുതി ഉൽപാദനത്തിന് അടക്കമുള്ള 2376 ബാരൽ (ഏകദേശം 4.51 ലക്ഷം ലീറ്റർ) ഇന്ധനം. ഇതിനു പുറമേ പച്ചക്കറിയും പലചരക്കും ഉൾപ്പെടെ 200 ടൺ അവശ്യസാധനങ്ങളും ഇതിൽ കയറ്റേണ്ടതായിരുന്നു. മൺസൂൺ നിയന്ത്രണത്തിന്റെ ഭാഗമായി ഉരുഗതാഗതത്തിന് ഏർപ്പെടുത്താറുള്ള 4 മാസത്തെ നിരോധനം ഇന്ന് ആരംഭിക്കുന്നതിനാൽ ലക്ഷദ്വീപിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകുമെന്ന് ആശങ്ക.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലെ ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷനു വേണ്ടി ചരക്കു നീക്കം നടത്തുന്ന ഈ കപ്പൽ ഒരു മാസത്തിലേറെയായി അറ്റകുറ്റപ്പണികൾക്കു വേണ്ടി കൊച്ചിയിലെ ഡോക്കിലായിരുന്നു. നന്നാക്കി സർവേ നടത്തിയ ശേഷമുള്ള ആദ്യയാത്രയിലാണ് അപകടമുണ്ടായത്. നേരത്തേ 10ന് എത്തുന്ന വിധത്തിൽ ഷെഡ്യൂൾ ചെയ്തെങ്കിലും ചരക്കു കയറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കുരുങ്ങി 3 ദിവസം കൂടി വൈകിയാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. 13ന് രാവിലെയാണ് ബേപ്പൂരിലെത്തേണ്ടിയിരുന്നത്. അപകടം നടന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കപ്പൽ വീണ്ടും സർവീസ് നടത്താൻ ആഴ്ചകളെടുത്തേക്കുമെന്നാണ് വിവരം.
ഡീസൽ എത്തിക്കാനാകാത്തത് ലക്ഷദ്വീപിൽ വൈദ്യുത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിവരം. ഇതിനു പുറമേ മീൻപിടിത്ത ബോട്ടുകൾ, വാഹനങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ള ഇന്ധനം കൂടിയാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനുള്ള 2000 ബാരൽ ഡീസൽ, ലക്ഷദ്വീപിലെ സഹകരണ സംഘമായ ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന്റെ (എൽസിഎംഎഫ്) വിതരണത്തിനുള്ള 176 ബാരൽ പെട്രോൾ, ഫിഷറീസ് വകുപ്പിനുള്ള 200 ബാരൽ ഡീസൽ എന്നിവയാണ് കൊണ്ടുപോകേണ്ടിയിരുന്നത്.
വിവിധ ചരക്കുകൾ കൊണ്ടുപോകുന്നവയിൽ, നിലവിൽ സർവീസ് ഉണ്ടായിരുന്ന 3 കപ്പലുകളിലൊന്നാണ് അപകടത്തിൽപെട്ടത്. മറ്റു 2 കപ്പലുകളും ലക്ഷദ്വീപിലാണ് ഇപ്പോഴുള്ളതെന്ന് അധികൃതർ പറയുന്നു. മറ്റൊരു വിവിധോദ്ദേശ്യ ചരക്കു കപ്പൽ കൂടിയുണ്ടെങ്കിലും അത് അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടിരിക്കുകയാണ്. ഇന്ധനം മാത്രം കൊണ്ടുപോകുന്ന മറ്റൊരു കപ്പലിന് അടുത്ത ഷെഡ്യൂൾ നൽകിയിട്ടുമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.