അമിതമായി മണൽ നിറച്ച് തോണികളുടെ കുതിപ്പ്; ഭാരതപ്പുഴയിൽ അപകടം തുടർക്കഥയാകുന്നു
Mail This Article
തിരൂർ ∙ ഭാരതപ്പുഴയിൽ നിന്ന് അമിതമായി മണൽ നിറച്ച് കടലിനോട് ചേർന്നുള്ള അഴിമുഖം ഭാഗത്തുകൂടി തോണികളുടെ കുതിപ്പ് തുടർച്ചയായി അപകടങ്ങൾക്ക് ഇടയാക്കുന്നു. മണൽ കടത്തുന്നതിനിടെ കടലിൽനിന്ന് തിരമാലകൾ അഴിമുഖത്തേക്ക് ആഞ്ഞടിക്കുന്നതോടെയാണ് തോണികൾ മറിയുന്നത്. അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഇതു വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പു നൽകുന്നു.
അപകടകരമായ നിലയിൽ മണൽ കടത്തുന്നത് തടയാൻ പൊലീസ് സ്വന്തമായി ഒരു യന്ത്ര ബോട്ട് വാങ്ങി പട്രോളിങ് നടത്തിയിരുന്നു. ഇതിനായി 5 പൊലീസുകാരെ രാത്രിയും പകലും നിയോഗിച്ചതോടെ അഴിമുഖം വഴിയുള്ള മണൽക്കടത്ത് തടയാനായി. എന്നാൽ, ബോട്ട് തകരാറിലായതോടെ പരിശോധന നിലച്ചു. പിന്നീട് ബോട്ട് പുറത്തൂരിൽ പുഴയിൽ നിർത്തിയിട്ട് നശിച്ചതോടെയാണ് പൊന്നാനി പുഴ വഴിയുള്ള മണൽക്കടത്തും സജീവമായത്.
ഒട്ടേറെ തോണികളിലായാണ് ചമ്രവട്ടം ഭാഗത്തു നിന്ന് മണലെടുത്ത് പുറത്തൂർ പടിഞ്ഞാറേക്കര അഴിമുഖം വഴി പൊന്നാനി പുഴയിലൂടെ കൂട്ടായി, മംഗലം, വെട്ടം ഭാഗങ്ങളിൽ ശേഖരിക്കുന്നത്. രാത്രിയിൽ വാഹനങ്ങളിൽ കടത്തുന്നതിനാണ് പുഴയോരത്തെ കേന്ദ്രങ്ങളിൽ മണൽ എത്തിക്കുന്നത്.മുൻപ് പഞ്ചായത്തുകൾ നൽകിയിരുന്ന പാസിന്റെ അടിസ്ഥാനത്തിലായിരുന്നു ഭാരതപ്പുഴയിലെ കടവുകളിൽ നിന്ന് മണലെടുത്തിരുന്നത്.
മണൽ കടത്തുന്നതിനായി തോണികൾ വാടകയ്ക്ക് കൊടുക്കുന്ന കേന്ദ്രങ്ങളും പുറത്തൂരിൽ പ്രവർത്തിക്കുന്നുണ്ട്. തൊഴിലാളികളെ എത്തിച്ചു നൽകുന്ന സംഘങ്ങളും സജീവമാണ്. തോണി മറിഞ്ഞ് അപകടം സംഭവിച്ചാലും പുറത്തറിയാതിരിക്കാൻ പണം നൽകി ഒതുക്കുകയാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു.